സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്‍റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.നിർമാതാവ് ജി. സുരേഷ് കുമാറിന്‍റെ പരാമർശത്തിനുള്ള മറുപടിയായ നിർമാതാവും നടനുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ എഫ്.ബി പോസ്റ്റ് പങ്കുവെച്ചാണ് നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്.നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘അമ്മ’ മുൻ ഭാരവാഹി ജയൻ ചേർത്തലയും നടൻ വിനായകനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിർമാതാക്കൾ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല കുറ്റപ്പെടുത്തി.അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ട. തീയറ്ററിൽ ആൾ കയറണമെങ്കിൽ താരങ്ങൾ വേണം. താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം.മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണ്. അമ്മ’ കടമായി നൽകിയ ഒരു കോടി രൂപയിൽ 40 ലക്ഷം നിർമാതാക്കളുടെ സംഘടന മടക്കി തരാനുണ്ടെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.