എന്തും ഭക്ഷിച്ച് പരിസരം വൃത്തിയാക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്ന കാക്ക നേരം വെളുത്തുവെന്നറിയിക്കുന്ന പക്ഷിയാണ്. നമ്മുടെ വീടിനെ ചുറ്റിപ്പറ്റി എപ്പോഴും കാക്കകളുണ്ടാകും. പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗമായി കാക്കകളെ കണക്കാക്കുന്നു.
മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍ താല്‍പ്പര്യമുള്ള പക്ഷികളാണിവ. അന്റാര്‍ട്ടിക്ക ഒഴികെ ലോകത്തില്‍ മിക്കയിടത്തും ഇവ കാണപ്പെടുന്നു.
മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളില്‍ കാക്കകളെ അപൂര്‍വ്വമായേ കാണാറുള്ളൂ. നമ്മുടെ നാട്ടില്‍ രണ്ടുതരം കാക്കകളുണ്ട്. തലയും കഴുത്തും ചാരനിറമുള്ള കാക്കയും ദേഹം മുഴുവന്‍ തിളങ്ങുന്ന കറുപ്പുനിറമുള്ള കാക്കയും.
കാക്കകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിലൂടെ പലതരത്തിലുള്ള ആശയവിനിമയമാണ് അവ തമ്മില്‍ നടക്കുന്നത്. എല്ലാം ഒരേ ശബ്ദമാണെങ്കിലും ഓരോ സന്ദര്‍ഭങ്ങളിലും ഓരോന്നിനും ഓരോ അര്‍ത്ഥമാണ്. കൂട്ടത്തിലെ ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണത്തിന് തയ്യാറായി എത്തും. ഈ പ്രത്യേകത കൊണ്ടായിരിക്കാം മറ്റു പക്ഷികളെപ്പോലെ മനുഷ്യന് കാക്കയെ ജീവനോടെ പിടികൂടാന്‍ സാധിക്കാത്തത്.
ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകള്‍. കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചാണ് ഇവ കുളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ എത്തും. കുളി കഴിഞ്ഞ് കൊക്കുപയോഗിച്ച് തൂവലുകള്‍ ചീകിയൊതുക്കുന്നതും ഇവയുടെ പ്രത്യേകതയാണ്. കാക്കകള്‍ വളരെക്കുറച്ചുമാത്രമേ ഉറങ്ങാറുള്ളൂ. ചേക്കേറുന്ന മരങ്ങളില്‍ തന്നെയിരുന്നാണ് ഇവയുടെ ഉറക്കം.
പരിസരമാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഒരു പരിധിവരെ മനുഷ്യനെ കാക്കകള്‍ സഹായിക്കുന്നു.
കാക്കകളും ദേശാടനം നടത്താറുണ്ട്.
പരിസരം വളരെ ശ്രദ്ധിക്കുന്ന പക്ഷിയാണ് കാക്ക.
കാക്കകള്‍ ചെറുകമ്പുകള്‍ ഉപയോഗിച്ച് മരച്ചില്ലകളില്‍ കൂടുകെട്ടുന്നു.
ആയുസ്സ് 7-8 വര്‍ഷം.