സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമാക്കി നീട്ടി.
കേരളത്തിലെ ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു. ഇതോടെ 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം) ഇലക്ട്രിക്കൽ ആയോ, എൽ.പി.ജി ആയോ, സി.എൻ.ജി ആയോ, എൽ.എൻ.ജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കയാണ്. നേരത്തെ ഇത് 15 വർഷം ആയിരുന്നു.
കേരള മോട്ടോർ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വർഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടർന്ന് ഓട്ടോറിക്ഷകൾക്ക് രണ്ട് വർഷം കൂടി കാലാവധി നീട്ടി 2022ൽ ഉത്തരവുണ്ടാവുകയായി. സ്വകാര്യ ബസുകൾക്ക് 22 വർഷം കാലപരിധിയുള്ളപ്പോൾ ഓട്ടോറിക്ഷകൾക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു.