-സുകന്യാശേഖർ
വളര്‍ത്തുപൂച്ചകളെയും പട്ടികളെയും പുഴ കടത്തി വിട്ടാലും അവ യജമാനനെ തേടിവരുമെന്ന് പഴമക്കാര്‍ പറയാറുണ്ട്.
മനുഷ്യരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതില്‍ മൃഗങ്ങളെപ്പോലെ പെന്‍ഗ്വിനും പിന്നിലല്ല എന്നു തെളിയിക്കുന്ന ഒരു സംഭവം അടുത്തയിടെയുണ്ടായി.
ഡിണ്ടിം എന്ന പെന്‍ഗ്വിനും അവന്‍റെ പരിചരണമേറ്റെടുത്ത ഡിസൂസയും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥയിതാ :
ചികിത്സ
2011 മേയ് മാസത്തില്‍ ബ്രസീലിലെ റിയോ ഡീ ജെനീറോയില്‍ താമസിക്കുന്ന 71 വയസ്സുള്ള ജാവോ പെരേര ഡിസൂസയ്ക്ക് കടല്‍ത്തീരത്തു നിന്നും ഒരു പെന്‍ഗ്വിനെ ലഭിച്ചു.
എണ്ണയില്‍ കുളിച്ച് നീന്താന്‍ പറ്റാതെ അവശനിലയിലായിരുന്നു അവന്‍. ചിറകിലെ എണ്ണ തുടച്ചുവൃത്തിയാക്കാന്‍ മാത്രം ഒരാഴ്ച സമയമെടുത്തു. ചികിത്സയും ആഹാരവും നല്‍കി ഡിസൂസ പെന്‍ഗ്വിനെ രക്ഷിച്ചു. ഡിണ്ടിം എന്നു പേരുമിട്ടു.
പതിനൊന്നു മാസക്കാലം ഡിണ്ടിം ഡിസൂസയ്ക്കൊപ്പം താമസിച്ചു. പിന്നീട് ഡിസൂസ തന്നെ ഒരു ബോട്ടില്‍ കയറ്റി അടുത്തുള്ള ദ്വീപില്‍ കൊണ്ടുപോയിവിട്ടു. എന്നെന്നേക്കുമായി യാത്ര പറയുകയും ചെയ്തു.
തിരിച്ചുവരവ്
ഡിണ്ടിം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞ് വളര്‍ത്തച്ഛനെ കാണാന്‍ തിരിച്ചെത്തി. മാസങ്ങളോളം ഒപ്പം താമസിക്കുകയും ചെയ്തു. വീണ്ടും തിരിച്ചുപോയി. അടുത്ത വര്‍ഷവും അവനെത്തി.
അങ്ങനെ എല്ലാ വര്‍ഷവും ഡിസൂസയെ കാണാനെത്തുന്ന ഡിണ്ടിമിന്‍റെ സൗഹൃദം ലോകമെങ്ങും വൈറലായിരിക്കുകയാണ്.
ഡിസൂസ പറയുന്നതിങ്ങനെ : ‘മറ്റാരും അവനെ തൊടാന്‍ അവന്‍ സമ്മതിക്കില്ല. അവനെന്‍റെ മടിയിലിരിക്കും. ഞാനവനെ കുളിപ്പിക്കും. ആഹാരം നല്‍കും. ഡിണ്ടിം മടങ്ങിവരില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
എന്നെ കാണുമ്പോള്‍ അവന്‍ പട്ടിയെപ്പോലെ വാലാട്ടും. അവനെനിക്ക് എന്‍റെ മകനെപ്പോലെയാണ്. ഡിണ്ടിം എന്നെ സ്നേഹിക്കുന്നുണ്ടെന്നുതന്നെ ഞാന്‍ വിചാരിക്കുന്നു.’
ഇപ്പോള്‍ ഡിസൂസയുടെ കുടുംബാംഗത്തെപ്പോലെയാണ് ഡിണ്ടിം. കൊക്കുകള്‍ കൊണ്ട് ഡിസൂസയുടെ മുഖത്തുരസിയാണ് അവന്‍ സ്നേഹം പ്രകടിപ്പിക്കുന്നത്. തനിക്ക് പുനര്‍ജ്ജന്മം തന്ന വൃദ്ധനെ തേടിവരുന്ന പെന്‍ഗ്വിനെ അത്ഭുതത്തോടെ മാത്രമേ ലോകം നോക്കിക്കാണുന്നുള്ളൂ.
പറക്കാന്‍ കഴിയാത്ത ഈ പക്ഷി നീന്തിയാണ് വരുന്നത്. ഡിണ്ടിമും ഡിസൂസയുമായുള്ള വീഡിയോ രംഗങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്രയോ പേര്‍ കണ്ടുകഴിഞ്ഞു.
ഗവേഷകര്‍ക്ക് പറയാനുള്ളത്
ഡിസൂസയെ ഇന്‍റര്‍വ്യൂ ചെയ്ത ശാസ്ത്രജ്ഞനായ പോളോ ക്രജേവ്സ്കിയാണ് വിവരം സിഎന്‍എന്‍ ചാനലിനെ അറിയിച്ചത്. രണ്ടു പ്രാവശ്യവും തിരിച്ചുവന്നത് ഒരേ പെന്‍ഗ്വിന്‍ തന്നെയാണെന്നും ഉറപ്പു വരുത്തിക്കഴിഞ്ഞു. ഡിണ്ടിമിന് ആറു വയസ്സ് പ്രായമുണ്ടാകുമെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അനുമാനം.
മഗെല്ലെനിക് പെന്‍ഗ്വിനുകള്‍ 25 വര്‍ഷത്തോളം ജീവിക്കുമെന്നും ഇണയോട് വിശ്വസ്തത പുലര്‍ത്തുന്നവരാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഡിണ്ടിമും മഗെല്ലെനിക് പെന്‍ഗ്വിനാണത്രേ. മറ്റൊരു പെന്‍ഗ്വിനെപ്പോലെയാണ് ഡിണ്ടിം ഡിസൂസയെ കാണുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
സാധാരണ ഗതിയില്‍ മൃഗങ്ങളുമായും പക്ഷികളുമായും അടുത്തിടപഴകുന്ന പ്രൊഫഷണലുകളായ ജോലിക്കാര്‍ അവയുമായി സുഹൃദ്ബന്ധമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. അല്ലെങ്കില്‍ അവ തിരിച്ചുവരുമെന്ന് അറിയാവുന്നതുകൊണ്ടാണിത്. ഡിണ്ടിമിനെ സംബന്ധിച്ചിടത്തോളം അവന്‍ നന്ദി പ്രകടിപ്പിക്കാനാണ് വരുന്നതെന്നു തന്നെയാണ് ഡിസൂസയും മറ്റുള്ളവരും കരുതുന്നത്.