12,864 പരാതികള്‍ക്ക് പരിഹാരം
നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതിക്കു മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. നവകേരള സദസ്സില്‍ ഓരോ വകുപ്പുകള്‍ക്കും ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിലയിരുത്തി.
ജില്ലയില്‍ 14 നിയോജകമണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സില്‍ വിവിധ വകുപ്പുകളിലായി 52,589 നിവേദനങ്ങളാണ് ലഭിച്ചത്. ഇതില്‍ 12,864 പരാതികള്‍ പരിഹരിച്ചു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകള്‍ക്കാണ് കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത്.
വകുപ്പ് തലത്തില്‍ ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളാണ് യോഗത്തില്‍ ആദ്യം വിലയിരുത്തിയത്. ശേഷം ബന്ധപ്പെട്ട സ്ഥാപനതലത്തിലും ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേകം പരിഗണിച്ചു. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലും അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി മറുപടി നല്‍കണമെന്നും പരിഹരിക്കാനാകാത്ത നിവേദനങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരേഡ് ഗ്രൗണ്ട് ക്രമീകരണങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന സര്‍വീസില്‍ നിന്ന് വിരമിക്കുന്ന റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ സി.സി. ലൈജുവിനെ യോഗത്തില്‍ കളക്ടര്‍ ആദരിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.