പട്ടയമേളയിലൂടെ സഫലമായ സ്വപ്നങ്ങൾ

കോട്ടയം: ജീവിത സാഹചര്യങ്ങളോടു തളരാതെ പോരാടുന്ന കടപ്ലാമറ്റം കാഞ്ഞിരത്താംകുഴി വീട്ടിൽ അപ്പു ശശിക്ക് കൈതാങ്ങേകി സർക്കാർ. 30 വർഷമായി രേഖകളില്ലാതെ കിടന്ന മൂന്നര സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് സ്വന്തം ഭൂമിയുടെ അവകാശ രേഖ കൈപ്പറ്റി. സർക്കാർ നടപടിയിൽ അതിയായ സന്തോഷമുണ്ടെന്ന് അപ്പു ശശി പറഞ്ഞു.

മൂന്നു വർഷമായി അപ്പുവിന്റെ ജീവിതം വീൽ ചെയറിലാണ്. മരം മുറിയ്ക്കുന്നതിനിടെ തടി നട്ടെല്ലിൽ വീണാണ് അപകടം സംഭവിച്ചത്.

ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ സുനു സുരേഷ് കൂലിപ്പണി ചെയ്താണ് കുടുംബ ചെലവിനുള്ള തുക കണ്ടെത്തുന്നത്.

നിലവിൽ ഭാര്യ വീടായ കാഞ്ഞിരമറ്റത്താണ് താമസം. പട്ടയം ലഭ്യമായ ഭൂമിയിൽ ഒരു വീടെന്ന സ്വപ്‌നം സഫലമാക്കുകയാണ് ഇനി അപ്പുവിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.

കോട്ടയം: സ്വന്തം ഭൂമിക്കായുള്ള 28 വർഷത്തെ എം.ആർ. സുകുമാരന്റെ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങളായിട്ട് താമസിച്ചു വന്ന രണ്ട് സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് പട്ടയം സ്വീകരിച്ചു. കോട്ടയം താലൂക്കിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ രാജീവ് കോളനിയിലാണ് എം.ആർ. സുകുമാരനും ഭാര്യയും താമസിക്കുന്നത്.

പ്രായത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും സഹോദരങ്ങൾ സഹായിച്ചാണ് കുടുംബ ചെലവുകൾ നടന്നു പോകുന്നതെന്നും സുകുമാരൻ പറഞ്ഞു.  

കോട്ടയം: നാലു സെന്റ് ഭൂമിയുടെ അവകാശിയായ സന്തോഷത്തിലാണ് മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പാതാമ്പുഴ വലിയപറമ്പിൽ വീട്ടിൽ വി.കെ. നളിനി. സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ 28 വർഷം കാത്തിരുന്നതായും സർക്കാർ തന്നെ ഭൂമിയുടെ ഉടമസ്ഥയാക്കിയെന്നും നളിനി പറയുന്നു.

സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് നളിനി പട്ടയം ഏറ്റുവാങ്ങി. മകനോടൊപ്പമാണ് നളിനി പട്ടയം ഏറ്റുവാങ്ങാനെത്തിയത്.  

പള്ളുരുത്തി : കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനി തങ്കമ്മ രാജപ്പന്‍.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തങ്കമ്മയ്ക്ക് കിടപ്പാടത്തിന്റെ പട്ടയം കൈമാറി.

തോപ്പുംപടി ഹാര്‍ബര്‍ നിര്‍മ്മാണത്തിനുവേണ്ടി തോപ്പുംപടി വില്ലേജില്‍ പ്രസ്തുത സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ രാമേശ്വരം വില്ലേജിലെ വ്യാസപുരം കോളനിയിലേക്ക് പുനരധിവസിപ്പിക്കുകയും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് പ്ലോട്ട് അനുവദിച്ച് നല്‍കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ പ്ലോട്ട് ലഭ്യമായ കൗസല്യ ഗോപാലന്‍ തന്റെ പേരില്‍ പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതെ ഭൂമി തീറാധാരപ്രകാരം തങ്കമ്മ രാജപ്പന് കൈമാറുകയും തങ്കമ്മ രാജപ്പന്‍ സ്ഥലത്ത് കുടുംബസമേതം താമസം തുടരുകയും ചെയ്തു.

എന്നാല്‍ ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാല്‍ വീട് പുതുക്കി പണിയുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ തങ്കമ്മയ്ക്ക് സാധിച്ചിരുന്നില്ല.

പട്ടിക ജാതി സമുദായത്തില്‍പ്പെടുന്ന തങ്കമ്മ രാജപ്പന്‍ 2007 ല്‍ പട്ടയത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും യഥാര്‍ത്ഥ ഗുണഭോക്താവായ കൗസല്യയ്ക്കു ലഭിച്ച ഭൂമി അപേക്ഷകയുടെ പേരില്‍ പതിച്ചു നല്‍കുന്നതിനു സാങ്കേതികമായി തടസങ്ങള്‍ നേരിട്ടതുമൂലം പട്ടയം നല്‍കുന്നതിനുള്ള കാലതാമസം നേരിട്ടു.

തുടര്‍ന്ന്  റവന്യൂ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും ഇടപെടലുകളിലൂടെയാണ് തങ്കമ്മ രാജപ്പന്റെ പട്ടയത്തിനായുള്ള ദീര്‍ഘകാല  കാത്തിരിപ്പിനു വിരാമമായത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...