ആനവേട്ട തടയാന്‍ ഡിഎന്‍എ ടെസ്റ്റ്

ടി എസ് രാജശ്രീ

രണ്ടു തരം ആനകളാണ് ഈ ഭൂമുഖത്തുള്ളത്-ഏഷ്യന്‍ ആനയും ആഫ്രിക്കന്‍ ആനയും. വലിപ്പത്തില്‍ വമ്പന്‍ ആഫ്രിക്കന്‍ ആനയാണ്.

ആഫ്രിക്കന്‍ ആനകളില്‍ കൊമ്പനാനയ്ക്കും പിടിയാനയ്ക്കും നീളമുള്ള കൊമ്പുകളുണ്ട്. ആഫ്രിക്കന്‍കാടുകളില്‍ ആനകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്.

ഇതിന്‍റെ പ്രധാന കാരണങ്ങള്‍ വാസസ്ഥലം നഷ്ടപ്പെടല്‍ (കാടു വെട്ടിത്തെളിക്കുന്നതു മൂലം), മനുഷ്യരുടെ വേട്ടയാടല്‍ എന്നിവയാണ്.

ആഫ്രിക്കന്‍ആകളുടെ ഇപ്പോഴത്തെ മരണനിരക്ക് തുടര്‍ന്നാല്‍ അടുത്ത 5 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഈ ജീവവര്‍ഗ്ഗം തന്നെ അപ്രത്യക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആനകള്‍ വേട്ടയാടപ്പെടുന്നത് മുഖ്യമായും ആനക്കൊമ്പുകള്‍ക്കു വേണ്ടിയാണ്. ആനക്കൊമ്പുകളുടെ വ്യാപാരത്തെ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്രനിയമം നിലവില്‍ വന്നത് 1989-ലാണ്.

CITES, Convention on International Trade in Endangered Species of Wild Fauna and Flora) നിയമം നടപ്പായ സമയത്ത് ആനക്കൊമ്പിന്‍റെ കള്ളക്കടത്തുവില്‍പ്പന തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു.

അങ്ങനെ ആനകള്‍ സംരക്ഷിക്കപ്പെടുകയും അവയുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. പക്ഷെ ഇന്നും ആനക്കൊമ്പുകള്‍ക്കു വേണ്ടി ആനകള്‍ നിഷ്കരുണം വേട്ടയാടപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ആഫ്രിക്കയില്‍ ആനക്കൊമ്പുവ്യാപാരവും കള്ളക്കടത്തും വന്‍തോതില്‍ നടക്കുന്നുവെന്നത് പരസ്യമായതും എന്നാല്‍ ആനകളുടെ ജീവന്‍ രക്ഷിക്കുംവിധം തടയാന്‍ സാധിക്കാത്തതുമായ ഒരു രഹസ്യക്കച്ചവടമായി തുടരുന്നു.

2014-ലെ കണക്കനുസരിച്ച് വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ലക്ഷം ആനകള്‍ വേട്ടയാടപ്പെടുന്നുണ്ടത്രേ.

ടാന്‍സാനിയയിലും മൊസാംബിക്കിലും 2009-നും 2014-നും ഇടയ്ക്ക് ആനകളുടെ എണ്ണവും പകുതിയോളം കുറഞ്ഞിട്ടുണ്ട്.

ഈ നിരക്ക് തുടര്‍ന്നാല്‍ ഒരു ദശകത്തിനുള്ളില്‍ ഇവിടെ കാട്ടാനകള്‍ ഇല്ലാതെയാവുക തന്നെ ചെയ്യും.

മറ്റൊരു കണക്കു പ്രകാരം ആഫ്രിക്കന്‍ കാടുകളില്‍ ഓരോ വര്‍ഷവും അമ്പതിനായിരം ആനകള്‍ കൊല്ലപ്പെടുന്നു.

വിഷം പുരട്ടിയ അമ്പുകളെറിഞ്ഞും മറ്റുമാണ് ആനകളുടെ കഥ കഴിക്കുന്നത്.

ഇപ്പോള്‍ ഏകദേശം 4,70,000 ആനകള്‍ ഇവിടെ അവശേഷിക്കുന്നു.

അതായത് പ്രതിവര്‍ഷം ആനകളുടെ എണ്ണത്തിന്‍റെ പത്തു ശതമാനം വേട്ടയാടപ്പെടുന്നു.

സ്വീകരണമുറികളില്‍ അലങ്കാരമായും മാല, വള തുടങ്ങിയ ആഭരണങ്ങളുടെ നിര്‍മ്മാണത്തിനും ചിലതരം ഔഷധക്കൂട്ടുണ്ടാക്കുന്നതിനും വേണ്ടിയാണ് ആനക്കൊമ്പുകള്‍ ഉപയോഗിക്കപ്പെടുന്നത്.

ആനകളുടെ അനധികൃത കടത്തല്‍ വന്‍തോതില്‍ പിടിച്ചെടുക്കപ്പെടുന്നുണ്ട്.

പക്ഷെ ആനവേട്ട തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകാത്തപ്പോള്‍ ആനകളുടെ എണ്ണത്തില്‍ കുറവു വരുന്നു.

എക്സ്റേ പരിശോധനയിലൂടെയാണ് പലപ്പോഴും ഒളിച്ചുവെച്ച ആനക്കൊമ്പുകള്‍ ശ്രദ്ധയില്‍പെടാറുള്ളത്.

വളം എന്നു മുദ്രകുത്തി 214 ആനക്കൊമ്പുകള്‍, റോസ്കോകോ ബീന്‍സ് എന്ന പേരില്‍ 50 ബാഗുകളിലായി 237 ആനക്കൊമ്പുകള്‍ സ്ക്രാപ്പ് എന്ന് തെറ്റിദ്ധരിപ്പിച്ച് 91 ചാക്കുകളിലായി 1.9 മെട്രിക് ടണ്‍ ഭാരമുള്ള 972 ആനക്കൊമ്പുകള്‍, വേസ്റ്റ് കടലാസ് എന്ന രേഖപ്പെടുത്തിയ 65 ചാക്കുകളില്‍ 1.8 മെട്രിക് ടണ്‍ ഭാരമുള്ള 1099 ആനക്കൊമ്പുകള്‍ തുടങ്ങി കെനിയയിലും ഹോംകോങിലും സിംഗപ്പൂരിലുമെല്ലാം കടത്തപ്പെടുന്ന ആനക്കൊമ്പുകള്‍ സര്‍ക്കാരുകള്‍ പിടിച്ചെടുക്കുന്നുണ്ടെങ്കിലും ആനവേട്ട തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ആനകളെ രക്ഷിക്കാനുള്ള ശാസ്ത്രീയസംവിധാനവുമായി വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സാമുവല്‍ വേസറും സംഘവും രംഗത്തെത്തിയിരിക്കുന്നത്.

കരിഞ്ചന്തയില്‍ ഒരു പൗണ്ട് ആനക്കൊമ്പിന് 30 ഡോളറായിരുന്നു മുമ്പത്തെ വില.

പിന്നീട് പൗണ്ടിന് നൂറു ഡോളറും 150 ഡോളറുമായി മാറി.

എന്നാല്‍ ഇന്ന് അത് പൗണ്ടിന് 1500 ഡോളര്‍ എന്ന നിലയില്‍ എത്തിയിരിക്കുന്നു.

ലാഭം കൂടുതല്‍ കിട്ടുമെന്നതായിരിക്കും കൂടുതല്‍ പേരെ ആനവേട്ടയിലേക്കും ആനക്കൊമ്പുകളുടെ കള്ളക്കടത്തിലേക്കും നയിക്കുന്നത് എന്നുവേണം കരുതാന്‍.

കള്ളക്കടത്തുസാധനങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ആനക്കൊമ്പിന്.

മനുഷ്യന്‍റെ വേട്ടയാടലില്‍ നിന്നും അവയെ രക്ഷിക്കാന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ കഴിയുമെന്നതാണ് വേസറിന്‍റെ കണ്ടെത്തല്‍.

കള്ളക്കടത്തായി വര്‍ഷങ്ങള്‍തോറും പിടിച്ചെടുക്കുന്ന ആനക്കൊമ്പുകള്‍ പരിശോധിച്ച് അവയിലെ ഡിഎന്‍എ സാമ്പിള്‍ വനത്തിലെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ആനപ്പിണ്ഡവുമായി താരതമ്യം ചെയ്തുനോക്കി സാമ്യമുണ്ടെന്ന് തെളിഞ്ഞാല്‍ ആ പ്രദേശത്തെ ആനകളാണ് വേട്ടയ്ക്ക് ഇരയായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

ആ പ്രദേശത്തെ കാവല്‍ വര്‍ദ്ധിപ്പിച്ചാല്‍ വേട്ടസംഘത്തെ പിടികൂടുന്നത് എളുപ്പവുമാകും.

പിടിച്ചെടുക്കപ്പെടുന്ന ഓരോ ജോഡി ആനക്കൊമ്പുകളും സൂചിപ്പിക്കുന്നത് ഒരു ആന കൂടി ചത്തു എന്നാണ്.

പിടിക്കപ്പെടാതിരിക്കാന്‍ കള്ളക്കടത്തുകാര്‍ റൂട്ടുകള്‍ മാറി മാറിയാണ് സഞ്ചരിക്കാറുള്ളത്.

അതുകൊണ്ട് അവരെ പിന്തുടര്‍ന്ന് ഏതു കാട്ടുപ്രദേശത്തെ ആനകളാണ് വേട്ടയാടപ്പെട്ടതെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ ആനക്കൊമ്പ്-ആനപ്പിണ്ഡം ഡിഎന്‍എ ടെസ്റ്റ് ആനവേട്ട തടയാനുള്ള ഒരു മാര്‍ഗ്ഗദര്‍ശിയും ഉപാധിയുമാണ്.

പിടിച്ചെടുക്കപ്പെടുന്ന ടണ്‍കണക്കിന് ആനക്കൊമ്പുകള്‍ അധികൃതരുടെ അനുവാദത്തോടെയും സഹായത്തോടെയും ഗവേഷകസംഘം പരിശോധിക്കുകയുണ്ടായി.

1996 നും 2014 നും ഇടയില്‍ പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ ഗവേഷണത്തിന് പ്രയോജനപ്പെടുത്തി.

ഇവയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി വിശദാംശങ്ങള്‍ രേഖപ്പെടുത്തി.

ആഫ്രിക്കന്‍കാടുകളില്‍ സഞ്ചരിച്ച് 71 പ്രദേശങ്ങളില്‍ നിന്നുമുള്ള ആനപ്പിണ്ഡങ്ങളും ശേഖരിച്ചു.

രണ്ടു റിപ്പോര്‍ട്ടുകളും താരതമ്യം ചെയ്ത് ജനതകസാമ്യം കണ്ടെത്തുകയാണ് ചെയ്തത്.

ഡിഎന്‍എ ടെസ്റ്റിലെ സാമ്യത്തില്‍ നിന്നും ഏതു പ്രദേശത്തെ കൊമ്പുകളാണ് കൂടുതല്‍ കടത്തപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഇങ്ങനെ ലഭിച്ച വിവരങ്ങളനുസരിച്ച് ആനകളുടെ ജനിതകമാറ്റങ്ങളനുസരിച്ചുള്ള ജനിതകമാപ്പ് തയ്യാറാക്കുകയും ചെയ്തു.

ഓരോ കാടുകളില്‍ നിന്നുമുള്ള ആനക്കൊമ്പുകള്‍ പല രാജ്യങ്ങള്‍ വഴിയായിരിക്കും കള്ളക്കടത്തുകാര്‍ കൈമാറുന്നത്.

ഇത് വേസറുടെ ടെസ്റ്റിലൂടെ ശരിയാണെന്ന് തെളിയുകയും ചെയ്തു.

സിംഗപ്പൂരില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പുകളുടെ ഉറവിടം ടാന്‍സാനിയ ആയിരുന്നു.

മധ്യആഫ്രിക്കയിലെ ട്രിഡംപ്രദേശമാണ് ആനവേട്ടക്കാരുടെ പ്രിയപ്പെട്ട മറ്റൊരു സ്ഥലം.

ആനക്കൊമ്പിന്‍റെ ഉറവിടം മനസ്സിലാക്കിത്തരുന്ന ഡിഎന്‍എ ടെസ്റ്റിന് ആനകളുടെ ജീവന്‍ രക്ഷിക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന് തന്നെയാണ് ഗവേഷകരുടെ അവകാശവാദം.

സഞ്ചാരമാര്‍ഗ്ഗം മാറ്റുന്നതിലൂടെ അധികൃതരുടെ ശ്രദ്ധ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുന്ന കള്ളക്കടത്തുതന്ത്രങ്ങള്‍ക്ക് വിരാമമാകുമെന്ന് പ്രതീക്ഷിക്കാനാകും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...