ഡോക്ടർ നുമാൽ മോമിൻ ആസാമിലെ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറാണ്. അദ്ദേഹം ഒരു ഡോക്ടറും കൂടിയാണ്. കൈയിൽ എപ്പോഴും വേണ്ട മരുന്നുകൾ അദ്ദേഹം കരുതാറുണ്ട്. അങ്ങനെ അദ്ദേഹത്തിന് യാത്രകൾക്കിടയിലും ആളുകളെ ഒരു ഡോക്ടർ എന്ന നിലയിൽ സഹായിക്കാൻ കഴിയുന്നു. ആളുകൾക്ക് അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല ഒരു ഡോക്ടറും കൂടി ആണ്.
ആസ്സാമിലെ കർബി അംഗ് ലോങ്ങ് ജില്ലയിലെ ബൊക്കാജൻ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ മോമിൻ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിക്ക് വെച്ച് ഒരു കാറും ടൂവീലറും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് എത്തി.
ടൂവീലറിലെ സ്ത്രീ മരിച്ചതായിട്ടാണ് അവിടെ കൂടിയ ആളുകൾ കരുതിയത്. എന്നാൽ മോമിൻ പരിശോധിച്ചപ്പോൾ പൾസ് ഉണ്ട്. അവർക്ക് ജീവനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. പക്ഷേ ഗുരുതരാവസ്ഥയിലായിരുന്നു. ഒരു കാലും ഒരു കൈയും ഒടിഞ്ഞിരുന്നു.
റോഡ് സൈഡിൽ നിന്നും മുളയെടുത്ത് ഒടിഞ്ഞ ഭാഗം നേരെ വെച്ച് കെട്ടി. തുടർന്ന് അവരെയും ഒപ്പമുണ്ടായിരുന്ന പരിക്കേറ്റയാളിനെയും ആശുപത്രിയിൽ എത്തിച്ചു. സ്ത്രീയുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു.
മോമിന്റെ പിതാവ് ഇന്ത്യൻ എയർലൈൻസിലെ ജോലി ഉപേക്ഷിച്ച് മുത്തശ്ശനെ സംരക്ഷിക്കാനായി വീട്ടിൽ താമസിച്ച് കൃഷിക്കാരനായ ഒരാളാണ്. മോമിൻ 1989 ൽ പത്താം ക്ലാസ് പാസായി. സയൻസ് ഗ്രൂപ്പിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ച ശേഷം കൂടുതൽ പഠിക്കാനായി പണം ഉണ്ടായിരുന്നില്ല.
മോമിനും അച്ഛനെ കൃഷിപ്പണിയിൽ സഹായിച്ചു. 1994ൽ ഒരു ബന്ധുവിന്റെ സഹായത്തോടെ എംബിബിഎസ് എൻട്രൻസ് കോച്ചിംഗിന് പോയി. അങ്ങനെ എംബിബിഎസിന് ചേർന്ന് ആസാം മെഡിക്കൽ കോളേജിൽ നിന്ന് എം ഡി യും പാസായി.
കുറച്ചു വർഷങ്ങൾ ഡോക്ടറായും പ്രൊഫസറായും സേവനമനുഷ്ഠിച്ച ശേഷമാണ് രാഷ്ട്രീയത്തിൽ എത്തിയത്. എംഎൽഎ ആയ ശേഷവും ഡോക്ടർ പ്രൊഫഷൻ ഉപേക്ഷിച്ചില്ല. തന്റെ ഗ്രാമത്തിലെ ഏതൊരാൾക്കും നല്ല ചികിത്സ ലഭിക്കാൻ വേണ്ട സഹായങ്ങൾ എപ്പോഴും അദ്ദേഹം ചെയ്യാറുണ്ട്.
മോമിന്റെ ഭാര്യയായ അനുപമ ഗൈനക്കോളജിസ്റ്റ് ആണ്. രക്തദാന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ആളുകൾക്ക് വേണ്ടി അദ്ദേഹം സംഘടിപ്പിക്കുന്നുണ്ട്. ആളുകൾ തനിക്ക് തരുന്ന സ്നേഹത്തിനു മുമ്പിൽ ഈ സഹായങ്ങൾ ഒന്നുമല്ല എന്ന് അദ്ദേഹം പറയുന്നു.