വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കൂടുതലായി എത്തിക്കുന്നത് പാകിസ്താനിൽ നിന്നെന്നും റിപ്പോർട്ട്. സ്ത്രീകളെയാണ് ലഹരിക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ലഹരി അടങ്ങിയ ബാഗേജുകൾ പുറത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് സ്ത്രീകൾക്ക്.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ യഥാർത്ഥ ഉടമ എത്തി കൊണ്ടു പോകും. രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പിടിക്കപ്പെടുന്ന ലഹരിക്കേസുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ലഹരി ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒമാനിൽ വെച്ചാണ് ഇതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് പിടിക്കപ്പെട്ട കണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.ഒമാനിൽ വെച്ച് ലഹരി വസ്തുക്കൾ ഫ്‌ളാസ്‌കിനുള്ളിലാക്കുന്നു. ഇതിനൊപ്പം മറ്റ് ഫ്‌ളാസ്‌കുകൾ ഉൾപ്പെടുത്തി ഒരു ബാഗേജ് ആക്കിയാണ് ലഹരിക്കടത്തുന്നത്. ഇത് വിവിധ രാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്യുന്നതെന്ന് പിടിയിലായ കണ്ണി പറയുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി സ്ത്രീകളെയാണ് കൂടുതലായി കാരിയർമാരായി എടുക്കുന്നതെന്നും പിടിയിലായ ആൾ പറയുന്നു.