സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അടൂര്‍, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം 2017 ല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ വനാന്തരങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഹരിതോര്‍ജ്ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ഏഴര വര്‍ഷംകൊണ്ട് 98 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പള്ളിവാസല്‍ ജലവൈദ്യുതിപദ്ധതിയുള്‍പ്പടെ 211മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ജില്ലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ തടസം നേരിടാത്ത രീതിയില്‍ വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ച ഭരണാനുമതി ലഭിച്ച പന്തളം, പള്ളിക്കല്‍,പറന്തല്‍ എന്നീ മൂന്ന് സബ്‌സ്റ്റേഷനുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുത മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രസരണശേഷി കൂട്ടാന്‍ കൂടുതല്‍ സബ്‌സ്റ്റേഷനുകള്‍ ആവശ്യമാണ്. എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈദ്യുത ഉല്‍പാദനരംഗത്ത് സംസ്ഥാനം വികസനവീഥിയിലാണെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി ലിമിറ്റഡ് അടൂര്‍, ഏനാത്ത് വിഭാഗത്തിനുകീഴിലുള്ള 66 കെ വി സബ്‌സ്റ്റേഷനുകളായ അടൂര്‍, ഏനാത്ത് എന്നിവയാണ് 110 കെ വി നിലവാരത്തിലേക്ക് ഉയര്‍ത്തിയത് .ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജീവ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
15 കോടി 45 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സമീപപ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്. അടൂര്‍ സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന അടൂര്‍ മുനിസിപ്പാലിറ്റി, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമണ്‍, പള്ളിക്കല്‍, ഏനാദിമംഗലം എന്നീ പഞ്ചായത്തുകളും ഏനാത്ത് സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഏറത്ത്, കടമ്പനാട്, പട്ടാഴി പട്ടാഴി വടക്കേക്കര, കുളക്കട, തലവൂര്‍, ഏഴംകുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, ജില്ലാ പഞ്ചായത്തഗം സി കൃഷ്ണകുമാര്‍, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ ജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ താജുദ്ധീന്‍, രാധാമണി ഹരികുമാര്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയുടെ വൈദ്യുതശൃംഖലാവികസനത്തിന് പുതിയ നാഴികക്കല്ല്
*അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ നിലവാരം 66 ല്‍ നിന്ന് 110 കെവി യിലേക്ക് ഉയര്‍ത്തി
ജില്ലയുടെ വൈദ്യുതശൃംഖലാ വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഒരു നാഴികക്കല്ലാണ് സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തല്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനകുത്തിപ്പിനെ എത്തി പിടിക്കാന്‍ ജില്ലയുടെ പശ്ചാത്തല വികസന സൗകര്യങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണിത്.
സംസ്ഥാന സര്‍ക്കാരിന്റെയും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റേയും സംയുക്തനേതൃത്വത്തില്‍ പ്രസരണനഷ്ടം ഗണ്യമായി കുറക്കുന്നതിനും ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലേക്കുമായി നിലവിലുള്ള 66 കെ.വി സബ്‌സ്റ്റേഷനുകള്‍ 110കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍ സംസ്ഥാനത്താകെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. അടൂര്‍ 66 കെ വി സബ്‌സ്റ്റേഷനില്‍ നിന്നാണ് അടൂര്‍ നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വൈദ്യുതി വിതരണം നടത്തിയിരുന്നത്. 1970 ല്‍ സ്ഥാപിതമായ സബ്‌സ്റ്റേഷനിലേക്ക് ഇടപ്പോണ്‍ 220കെ .വി സബ്‌സ്റ്റേഷനില്‍ നിന്നാണ് 66കെ.വി നിലവാരത്തിലുള്ള വൈദ്യുതി എത്തിച്ചിരുന്നത്.
അടൂര്‍, ഏനാത്ത് സ്റ്റേഷനുകള്‍ 110 കെ വി നിലവാരത്തിലേക്ക് ഉയരുന്നതോടെ സബ്‌സ്റ്റേഷനിലേക്ക് എത്തുന്ന വൈദ്യുതിയുടെ പ്രസരണനഷ്ടം കുറയുകയും ഉപഭോക്താകള്‍ക്ക് കൃത്യമായി വോള്‍ട്ടേജ് നിലവാരത്തില്‍ ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായ വിതരണം ചെയ്യുവാനും സാധിക്കും.
ഏനാത്ത് സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25 എംവിഎ ആണ്. അഞ്ചുകോടി 50 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്ന ഈ പദ്ധതി അഞ്ചുകോടി 20 ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴംകുളം, ഏറത്ത്, കടമ്പനാട്, പട്ടാഴി, കുളക്കട, തലവൂര്‍ എന്നീ പഞ്ചായത്തുകളിലെ 56,000ത്തില്‍ പരം ഉപഭോക്താക്കള്‍ക്ക് സബ്‌സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം പരമാവധി കുറയ്ക്കുന്നതിലേക്കായി ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ ഉണ്ടായിരുന്ന 65 കെ വി ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി 110കെ.വി നിലവാരത്തില്‍ 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്.
ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായുള്ള ശബരി ലൈന്‍ പാക്കേജുമായി ബന്ധപ്പെട്ടാണ് അടൂര്‍ സബ്‌സ്റ്റേഷനിലേക്ക് 110 കെ വി വൈദ്യുതി എത്തിക്കാനുള്ള പത്തനംതിട്ട എം സിഎംവി ലൈനിന്റെ നിര്‍മ്മാണം നടത്തിയത്.
നിലവില്‍ അടൂര്‍ സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25എം വി എ ആണ്. വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി ഇത് 60 എംവിഎ വരെ ഉയര്‍ത്തുവാനും സാധിക്കും.
ഒന്‍പത് കോടി 95 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരുന്ന ഈ പദ്ധതി 8 കോടി 50 ലക്ഷംരൂപയ്ക്കാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്. അടൂര്‍ നഗരസഭയ്ക്ക് പുറമേ ഏഴംകുളം, പന്തളം- തെക്കേക്കര, കൊടുമണ്‍, തെങ്ങമം-പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തലുകളിലെ 72,000-ല്‍പരം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2019ല്‍ ഏനാത്ത് ഇളംഗമംഗലത്ത് സ്ഥാപിതമായ 66 കെ.വി. ഏനാത്ത് സബ്‌സ്റ്റേഷനും അനുബന്ധമായി നിര്‍മ്മിച്ച 11.04 കിലോമീറ്റര്‍ അടൂര്‍-ഏനാത്ത് 66കെ.വി. സിംഗിള്‍ സര്‍ക്യൂട്ട് ലൈനും ഭാവിയിലെ വികസന സാധ്യത മുന്നില്‍ക്കണ്ട് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ 110കെ.വി നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന അടൂര്‍-ഏനാത്ത് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ആയി ഉയര്‍ത്തുകയും ഏനാത്ത് സബ്‌സ്റ്റേഷനില്‍ നിലവില്‍ ഉണ്ടായിരുന്ന 66കെ.വി. 10 എംവിഎ ട്രാന്‍സ്‌ഫോമര്‍ മാറ്റി പകരം 110കെ.വി. നിലവാരത്തിലുള്ള 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചുമാണ് സബ്‌സ്റ്റേഷന്റെ നിലവാരം 110കെ.വി യിലേക്ക് ഉയര്‍ത്തിയത്.