പാലക്കാട് ജില്ലയില്‍ ഉത്സവത്തോടനുബന്ധിച്ച് ആനയെ എഴുന്നള്ളിപ്പിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിബന്ധനകള്‍
* ഉത്സവ ആഘോഷ കമ്മിറ്റികള്‍ എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് വനം വകുപ്പിനെയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും അറിയിക്കണം.
* ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്ന ആന ഉടമസ്ഥരും ആന തൊഴിലാളികളും നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണ്.
* രഥോത്സവങ്ങളില്‍ രഥം തള്ളുന്നതിന് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേത്രങ്ങള്‍ക്ക് എഴുന്നള്ളത്തിന് മാത്രമാണ് ആനകളെ അനുവദിക്കുന്നത്.
* അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെയും എലഫന്റ് സ്‌ക്വാഡിന്റെയും സേവനം ഉത്സവ കമ്മിറ്റിക്കാര്‍ വളരെ മുമ്പ് തന്നെ ഏര്‍പ്പാടാക്കേണ്ടതും വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതുമാണ്. കൂടാതെ ഉത്സവം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്യണം.
* ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ കലക്ടറാണ് അനുമതി നല്‍കുന്നതെങ്കിലും എഴുന്നള്ളിക്കുന്ന ആനകളുടെ രേഖകള്‍ വനം വകുപ്പിന് മുന്നില്‍ ഹാജരാക്കാന്‍ ഉത്സവ കമ്മിറ്റിക്കാര്‍ ബാധ്യസ്ഥരാണ്.
* അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വനം വകുപ്പിന് വേണ്ടി ഉത്സവ കമ്മിറ്റി കണ്‍ട്രോള്‍ റൂം ഒരുക്കണം. ആനകളെ ഉത്സവത്തിന് പങ്കെടുപ്പിക്കുന്നതിന് മുമ്പ് തന്നെ മതിയായ രേഖകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തി അനുമതി വാങ്ങിയശേഷം മാത്രമേ എഴുന്നള്ളിക്കാവൂ.
* എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനയ്ക്ക് നാട്ടാന പരിപാലന നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംരക്ഷണവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് ഉത്സവം/ക്ഷേത്ര കമ്മിറ്റി ഉറപ്പു വരുത്തണം.
* വെയിലുള്ള സമയത്ത് ആനകള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കുവാന്‍ നനച്ച തറയില്‍(ചാക്കില്‍) നിര്‍ത്തുകയും ആവശ്യമെങ്കില്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പന്തല്‍ പോലുള്ള സംവിധാനം കമ്മിറ്റി ഒരുക്കുകയും ചെയ്യണം.
* ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പാപ്പാന്‍മാരെ ആനയെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്.
* ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്.
* രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയും ആനകളെ എഴുന്നള്ളിക്കരുത്.
* തിടമ്പ്, ആലവട്ടം, വെഞ്ചാമരം മുതലായവ പിടിക്കുന്നതിനായി ആനപ്പുറത്തു കയറുന്നവര്‍ മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് കമ്മിറ്റിക്കാര്‍ ഉറപ്പുവരുത്തണം.
* എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം.
* ആനയുടെ മുന്നില്‍ പടക്കം പൊട്ടിക്കാനോ എല്‍.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്കാനോ പേപ്പര്‍ /ഷോട്ട് ഉപയോഗിക്കാനോ പാടില്ല.