2 മീറ്റര്‍ വരെ നീളം വെയ്ക്കുന്ന ആനയുടെ തുമ്പിക്കൈയ്ക്ക് മാത്രമായി ഭാരമെത്രയുണ്ടെന്നോ?
140 കിലോഗ്രാം. ഇത്രയും ഭാരവും തൂക്കി നടക്കുന്ന ഇവയെ സമ്മതിക്കണം, അല്ലേ?
തുമ്പിക്കൈ വളരെ ബലമുള്ളതാണ്.
ഇതില്‍ ഒരു എല്ലു പോലുമില്ല.
എന്നാല്‍ ഒരു ലക്ഷം പേശികളുണ്ട്.
ഇത്രയും പേശികളുള്ളതുകൊണ്ടല്ലേ ആനയ്ക്ക് തുമ്പിക്കൈ ഇഷ്ടം പോലെ വളയ്ക്കാനും തിരിക്കാനും മടക്കാനും നീട്ടാനും കഴിയുന്നത്.
നമുക്ക് രണ്ടു കൈകൊണ്ടും ചെയ്യാന്‍ സാധിക്കുന്നതൊക്കെ ആനയ്ക്ക് തുമ്പിക്കൈ കൊണ്ട് ചെയ്യാന്‍ സാധിക്കും.
വെള്ളം കുടിക്കുന്നതും വെള്ളം ശരീരത്തില്‍ ചീറ്റിത്തെറിപ്പിക്കുന്നതും മണം പിടിക്കുന്നതും സാധനങ്ങള്‍ തൂക്കിയെടുക്കുന്നതും അഗ്രം ചുരുണ്ടിരിക്കുന്ന തുമ്പിക്കൈകൊണ്ടാണ്.
വെള്ളം കൊണ്ടുള്ള കുളിയും കളിയും ആനയ്ക്ക് വളരെ രസമാണ്.
ഒരു കാര്യ പറയാന്‍ മറന്നു, ആനയുടെ മൂക്കും മേല്‍ച്ചുണ്ടും ഒന്നിച്ചു ചേര്‍ന്ന് വളര്‍ന്നാണ് തുമ്പിക്കൈയുണ്ടായിരിക്കുന്നത്.
ആന വായുവില്‍ തുമ്പിക്കൈ ഇടത്തോട്ടും വലത്തോട്ടും മേലോട്ടും ആട്ടുന്നതു കണ്ടാല്‍ ഒരു കാര്യം ഉറപ്പ്.
ഈ വമ്പന്‍ എന്തോ മണം പിടിക്കുകയാണ്.
ആനയ്ക്ക് നീന്താനുമറിയാം.
നീന്തുമ്പോള്‍ തുമ്പിക്കൈ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കും.
കാരണം നാസാരന്ധ്രങ്ങള്‍ തുമ്പിക്കൈയുടെ അറ്റത്താണ്.
മൂക്കിനകത്ത് എന്തെങ്കിലും കയറിയാല്‍ നമ്മള്‍ തുമ്മാറുണ്ടല്ലോ.
അതേപോലെ ആനയും തുമ്മും. തുമ്പിക്കൈ ആട്ടിക്കൊണ്ടാണ് തുമ്മുന്നത്. ‘പ്ഫീ’ എന്നൊരു ശബ്ദവും കേള്‍ക്കാം.
മറ്റ് ആനകള്‍ക്ക് അപായസൂചന നല്‍കാനും മദം പൊട്ടിയാലുമാണ് ആന തുമ്പിക്കൈയുയര്‍ത്തി ചിന്നം വിളിക്കുന്നത്.
വളര്‍ത്തുന്ന ആനകളും സര്‍ക്കസിലെ ആനകളും കുട്ടികളോടും മുതിര്‍ന്നവരോടും സ്നേഹം പ്രകടിപ്പിക്കുന്നത് തുമ്പിക്കൈ കൊണ്ട് സലാം വെച്ചുകൊണ്ടാണ്.
തുമ്പിക്കൈ കൊണ്ടുതന്നെയാണ് കെട്ടിപ്പിടിക്കുന്നതും.
ആനക്കുട്ടിയെ പൊക്കാനും കൂട്ടത്തിലുള്ള ആനയെ ചെളിക്കുണ്ടില്‍ നിന്നും രക്ഷിക്കാനും ഉപയോഗിക്കുന്നത് തുമ്പിക്കൈ തന്നെ.
ഇനി രസകരമായ മറ്റൊരു കാര്യം.
കൊച്ചുകുട്ടികള്‍, അതായത് രണ്ടോ മൂന്നോ മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ‘വിരല്‍ വായിലിട്ട് നുണയുന്ന’ ഒരു സ്വഭാവമുണ്ടാവുമല്ലോ.
ഇതേപോലെ ആനക്കുട്ടിയ്ക്കും ഈ സ്വഭാവമുണ്ട്.
പക്ഷെ വിരലല്ല, തുമ്പിക്കൈയാണ് വായിലിടുന്നതെന്ന് മാത്രം.
ഏഷ്യന്‍ ആനയ്ക്ക് തുമ്പിക്കൈയുടെ അറ്റത്ത് ഒരു വിരല്‍ പോലെ തൊലി ഉയര്‍ന്നുനില്‍ക്കും.
ആഫ്രിക്കന്‍ ആനയ്ക്കാണെങ്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം രണ്ട് വിരലുകള്‍ പോലെ തോന്നിക്കും.
വിരല്‍ പോലെയുള്ള ഈ ഭാഗമുള്ളതുകൊണ്ടാണ് ഏതു ചെറിയ സാധനത്തെയും നിലത്തു നിന്നെടുക്കാന്‍ ആനയ്ക്ക് നിഷ്പ്രയാസം കഴിയുന്നത്.