കെഎൽ 7 ഡിഡി 786 – 5.60 ലക്ഷം, കെഎൽ 7 ഡിഡി 911 – 4.87 ലക്ഷം; ഫാൻസി നമ്പർ ലേലത്തിൽ കോളടിച്ച് എറണാകുളം ആർ.ടി ഓഫീസ്.
ഫാൻസി നമ്പർ ലേലത്തിൽ സർക്കാരിന് പ്രതിവർഷം ലഭിക്കുന്നത് ലക്ഷങ്ങൾ. തങ്ങളുടെ ഇഷ്ടവാഹനത്തിന് ആഗ്രഹിക്കുന്ന നമ്പർ ലഭിക്കാൻ ലക്ഷങ്ങൾ മുടക്കാൻ യാതൊരു മടിയും കാട്ടാതെ മുന്നോട്ടുവരുന്നവർ നിരവധിയാണ്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൻസി നമ്പറുകൾ ലേലത്തിൽ പോകുന്നത് എറണാകുളം ആർ.ടി ഓഫീസിലാണ്. ചൊവ്വാഴ്ച്ച ജോയിന്റ് ആർ.ടി.ഒ കെ.ആർ. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന നമ്പർ ലേലത്തിൽ കെഎൽ 7 ഡിഡി 786 വാഹന നമ്പർ 5.60 ലക്ഷം രൂപക്കാണ് വിദേശ മലയാളി സാബിദ നൗഷാദ് സ്വന്തമാക്കിയത്.നടൻ പൃഥിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ലേലത്തിൽ മത്സരിച്ച് കെഎൽ 7 ഡിഡി 911 നമ്പർ 4.87 ലക്ഷം രൂപ മുടക്കി ലിറ്റ്‌മസ് സെവൻ സിസ്‌റ്റംസ് കൺസൽട്ടിങ് കമ്പനിയാണ് സ്വന്തമാക്കിയത്. ഡിഡി 707 നമ്പറിന് 1.33 ലക്ഷവും ഡിഡി 999 ന് 1.73 ലക്ഷവും ലേലത്തിലൂടെ ലഭിച്ചു.