കനത്ത ഒഴുക്കിനെ വകവെക്കാതെ ചൂരല്‍മല പുഴയിലൂടെ പാറക്കെട്ടുകളെയും മറികടന്നാണ് ആദ്യ മണ്ണുമാന്തിയന്ത്രം മുണ്ടക്കൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. വഴിയിലെ വന്‍മരങ്ങളും പാറകളും മാറ്റി ഉച്ചയ്ക്ക് രണ്ടോടെ കൂറ്റന്‍ ജെ.സി.ബി മുണ്ടക്കൈ അങ്ങാടി നിലനിന്നിരുന്ന സ്ഥലത്തെത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗതയേറി. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളെ പിളര്‍ന്ന് ചെളികള്‍ മാറ്റി കെട്ടിടങ്ങളില്‍ പരിശോധന തുടര്‍ന്നു. മണ്ണിനടയില്‍ പൂണ്ടുകിടന്ന വാഹനങ്ങളും പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ പള്ളിയോട് ചേര്‍ന്ന് അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങളില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഒരു കുട്ടിയുടെ മൃതദേഹം തൊട്ട് മുമ്പ് ഈ പരിസരത്ത് നിന്നും കിട്ടയിരുന്നു. ഇതോടെ ബുധനാഴ്ച പത്ത് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കാനായി. രണ്ട് യന്ത്രങ്ങള്‍ കൂടി മുണ്ടക്കൈയില്‍ എത്തിച്ചതിനാല്‍ ബാക്കിയുള്ള വീടുകളിലും രക്ഷാദൗത്യം തുടങ്ങാനായി. മണിക്കൂറുകളെടുത്താണ് സ്ഥലത്തേക്ക് ഈ യന്ത്രങ്ങള്‍ക്ക് എത്തിച്ചേരാനായത്.
കനത്തമഴയിലും കര്‍മ്മനിരതര്‍
വീണ്ടും ഉരുള്‍ പൊട്ടല്‍ ഭീതി നിറയ്ക്കുന്ന വിധം മലവെള്ളം കുത്തിയൊഴുകുമ്പോഴും രക്ഷാദൗത്യ സന്നാഹങ്ങളെല്ലാം മുണ്ടക്കൈയില്‍ ചലിച്ചു. ഉച്ചകഴിഞ്ഞതോടെ പ്രദേശത്ത് കനത്ത മഴ തുടങ്ങിയതോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തില്‍ വെള്ളം കയറി തുടങ്ങി. ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകീട്ട് ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുള്ളവര്‍ക്ക് ആര്‍മിയും പോലീസും ചേര്‍ന്ന് സഹായമൊരുക്കിയത്. കനത്ത ഇരുട്ടും മഴയും തുടരുന്നതിനാല്‍ പിന്നീട് രക്ഷാദൗത്യം ഈ മേഖലയില്‍ ശ്രമകരമായിരുന്നു. ആര്‍മി എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ബെയ്‌ലി പാലം നിര്‍മ്മാണവും ചൂരല്‍മലയില്‍ പുരോഗമിക്കുകയാണ്. ഇതിനായുള്ള സാമഗ്രികള്‍ കണ്ണൂര്‍ വിമാനത്താവളം വഴി ചൂരല്‍മലയില്‍ എത്തിച്ചു. വ്യാഴാഴ്ച പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം തുടരുന്നത്.