ഇന്ത്യയിൽ 50 ലക്ഷത്തിലധികം ആളുകൾക്ക് കാഴ്ചശക്തിയില്ല. ഇവരിൽ 5.21 ലക്ഷം പേർ ഒഡീഷയിൽ മാത്രം താമസിക്കുന്നു. ഇത് കണക്കിലെടുത്താണ് കാഴ്ച വൈകല്യമുള്ളവർക്കായി ആദ്യ അന്താരാഷ്ട്ര സർവകലാശാല തുറക്കാൻ പോകുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലയായിരിക്കും ഇത്. അന്ധരായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സാങ്കേതിക കോഴ്സുകൾ ആരംഭിക്കും.
സോഷ്യൽ സെക്യൂരിറ്റി ആൻ്റ് എംപവർമെൻ്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (എസ്എസ്ഇപിഡി) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സന്യാസായി ബെഹ്‌റ പറഞ്ഞത് അന്ധർക്കായി ഇത്തരമൊരു സർവ്വകലാശാല ആവശ്യമാണ് എന്നാണ്. ഒഡീഷ സംസ്ഥാനത്ത് കാഴ്ചശക്തിയില്ലാത്ത ധാരാളം യുവജനങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ വിദ്യാഭ്യാസത്തിന് ഒരു സമർപ്പിത സ്ഥാപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ച വൈകല്യമുള്ളവർക്കായി ഈ സർവ്വകലാശാല പുതിയ വിദ്യാഭ്യാസ അവസരങ്ങൾ തുറക്കുമെന്ന് സന്യാസായി ബെഹ്‌റ ഊന്നിപ്പറഞ്ഞു. ഇത് അവരുടെ വ്യക്തിത്വ വികസനത്തിനും ആവശ്യമായ കഴിവുകൾ പഠിപ്പിക്കുന്നതിനും സഹായിക്കും. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ കാഴ്ചവൈകല്യമുള്ള കവിയും സാമൂഹിക പരിഷ്കർത്താവുമായ ഭീമാ ഭോയിയുടെ പേരിലാണ് സർവകലാശാല അറിയപ്പെടുക. ഭീമാ ഭോയിയുടെ സാഹിത്യസംഭാവനകളും സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്.
സർവ്വകലാശാലയ്ക്ക് അദ്ദേഹത്തിൻ്റെ പേര് നൽകുന്നത് കാഴ്ച വൈകല്യമുള്ള സമൂഹത്തിൽ വിദ്യാഭ്യാസവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ജപ്പാനിലെ സുകുബ സർവകലാശാലയുമായി ചേർന്നാണ് ഒദിഷയിലെ സർവ്വകലാശാല ആരംഭിക്കാൻ പോകുന്നത്.