പെറ്റമ്മ മരിച്ചതറിയാതെ കരഞ്ഞു തളര്‍ന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ആരോഗ്യ പ്രവര്‍ത്തക.
പാലക്കാട് കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡില്‍ ലവല്‍ സര്‍വീസ് പ്രൊവൈഡര്‍ അമൃതയാണ് സ്‌നേഹാമൃതം ചുരത്തിയ ആ അമ്മ. കുഞ്ഞിൻ്റെ നിര്‍ത്താതെയുള്ള കരച്ചിലാണ് അമൃതയുടെ കുഞ്ഞ് മനസ്സിനെ തൊട്ടത്. പിന്നെ ഒന്നും നോക്കിയില്ല, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു.
അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്‌ച രാത്രി ആദിവാസി യുവതി സന്ധ്യ (27) ജീവനൊടുക്കിയ വിവരമറിഞ്ഞാണ് ആരോഗ്യ പ്രവര്‍ത്തകരെത്തിയത്. അപ്പോഴാണ് നാലു മാസം പ്രായമുള്ള സന്ധ്യയുടെ മകന്‍ മിദര്‍ശ് നിര്‍ത്താതെ കരയുന്നത് അമൃതയുടെ മനസ്സിനെ പിടിച്ചു കുലുക്കിയത്. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ആശാ വര്‍ക്കര്‍ക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതായിരുന്നു അമൃത.