ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഡൽഹി ഷാഹ്‍ദാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലിക്കാരന് മോഷണത്തിന് സഹായം നൽകിയ മറ്റൊരാളും പിടിയിലായിട്ടുണ്ട്. ഡൽഹിയിലെ വ്യാപാരിയായ എസ് ഗുപ്തയുടെ വീട്ടിൽ മാർച്ച് 15നാണ് വൻ കവർച്ച നടന്നത്.ഒരു ഏജൻസി വഴിയാണ് ഗുപ്ത മൂന്ന് ദിവസം മുമ്പാണ് നാഗാർജുൻ എന്ന വീട്ടുജോലിക്കാരനെ നിയമിച്ചതെന്ന് ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. പിന്നീട് ഹോളി അവധി ദിനത്തിൽ ഗുപ്ത കുടുംബത്തോടൊപ്പം ഗുഡ്ഗാവിലേക്ക് പോയി. ഈ സമയം ജോലിക്കാരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അവിടെ നിന്ന് തിരികെ വന്നപ്പോൾ വീടിന്റെ ഗേറ്റിലെ ലോക്കുകൾ തകർത്ത നിലയിലായിരുന്നു. ജോലിക്കാരനെ കാണാനുമുണ്ടായിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോൾ ആറ് ലക്ഷം രൂപയും ഏതാണ്ട് ഒരു കോടി രൂപ വിലവരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളും നഷ്ടമായെന്ന് മനസിലായി. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.നൂറിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും നാട്ടുകാരിൽ നിന്ന് കിട്ടിയ വിവരങ്ങളും പരിശോധിച്ചാണ് പൊലീസ് നാഗാർജുനെ അന്വേഷിച്ചത്. വിപുലമായ തെരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി. യഥാർത്ഥ പേര് സുരേഷ് മാലിക് എന്നായിരുന്നു. ഇയാളുടെ ഒരു സഹായിയും പിന്നാലെ പിടിയിലായി. ഇരുവരുടെയും താമസ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. മോഷ്ടിച്ചെടുത്ത പണവും ആഭരണങ്ങളും ഇയാളുടെ സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു.പൊലീസ് വെരിഫിക്കേഷൻ നടത്താതെയാണ് വ്യവസായി വീട്ടുജോലിക്കാരനെ നിയമിച്ചതെന്ന് ഡിസിപി പറഞ്ഞു. നാഗാർജുൻ ഉപയോഗിച്ച സിം കാർഡ്, വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇയാളുടെ പേരിൽ നാല് സിം കാർഡുകൾ ജനുവരി 15ന് ഒരുമിച്ച് എടുക്കുകയായിരുന്നു. എല്ലാം വ്യാജ രേഖകൾ സമർപ്പിച്ചാണ് സംഘടിപ്പിച്ചത്. നേരത്തെയും സമാനമായ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2013ൽ സാകേത് പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിലൊരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി, വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.