മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്.മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ വീടിൻ്റെ ഭിത്തിയിൽ നിന്നും കല്ല് അടർന്ന് വീണ് ശശിയുടെ ഭാര്യ വിജിക്ക് നടുവിന് പരിക്കേറ്റു. ഇവരെ വാർഡ് മെമ്പർ ലൈജിയുടെ നേത്യത്വത്തിൽ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപം കാട്ടനയെത്തിയത് അറിഞ്ഞ ശശീന്ദ്രൻ വാർഡ് മെമ്പർ ലൈജിയെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് മെമ്പറുടെ നിർദേശ പ്രകാരം പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ കാടു കയറ്റിയത്. കാട്ടാന ആക്രമണത്തിൽ ശശീന്ദ്രൻ്റെ വീടിൻ്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.