കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ കുമ്പളങ്ങി മുതൽ എഴുപുന്ന പാലം വരെയുള്ള കുമ്പളങ്ങി-പെരുമ്പടപ്പ് റോഡിന് ഇരുവശവുമുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം.
വൈപ്പിൻ – മുനമ്പം സംസ്ഥാനപാതയിലെ വിവിധ പാലങ്ങളുടെ അടിയിൽ വ്യാപകമായി ചെടികൾ വളരുന്നതിനാൽ പാലങ്ങൾക്ക് വിള്ളലുകളും തകരാറുകളും ഉണ്ടാകുന്നത് ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം. ഓംബുഡ്സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നായരമ്പലം വില്ലേജിലെ ഭൂമി അളന്ന് നൽകണം. ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി മുതൽ ചുങ്കം പാലം വരെയുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തണം. വൈപ്പിൻ മേഖലകളിൽ ഓട്ടോറിക്ഷകളിൽ അമിതകൂലി വാങ്ങുന്നത് തടയണം തുടങ്ങിയ നിർദ്ദേശങ്ങൾ സമിതി ഉന്നയിച്ചു.
കൊച്ചി തഹസിൽദാർ സുനിത ജേക്കബിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ താലൂക്ക് വികസന സമിതി അംഗവും ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മിനി രാജു അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.