സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികോത്സവം വയനാട് ജില്ലയിൽ സമാപിച്ചു.
സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ കായികോത്സവത്തിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കായികതാരങ്ങൾക്കൊപ്പം മറ്റ് കായിക താരങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. ആത്മാഭിമാനവും സമത്വ ഭാവവും പഠിതാക്കളിൽ ജ്വലിപ്പിക്കുക, ആരോഗ്യ പരിപോഷണവും പഠനോത്സുകതയും മെച്ചപ്പെടുത്തുക, തടസ്സരഹിതമായ ജീവിത സാഹചര്യങ്ങളിലേക്കുള്ള സമുഹത്തിൻ്റെ വളർച്ചയിൽ പങ്കു ചേരുക എന്നിവയാണ് ഇൻക്ലൂസീവ് കായികോത്സവത്തിൻ്റെ ലക്ഷ്യങ്ങൾ.
ഗെയിംസ്, അത് ലറ്റിക്സ് ഇനങ്ങളിൽ മാനന്തവാടി ബി അർ സി ഓവറോൾ ചാമ്പ്യൻമാരായി. അത്ലറ്റുൾക്ക് എ.ഇ.ഒ മാരായ ജീറ്റോ ലൂയീസ്, ജോളിയാമ്മ, ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ ഷിവി എന്നിവർ സർട്ടിഫിക്കറ്റും മെഡലും നൽകി. കൽപ്പറ്റ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായികോത്സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷനായി. കായികോത്സവത്തിൻ്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ തമ്പി അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ്, എസ് എസ് കെ ജില്ല പ്രോജക്റ്റ് കോർഡിനേറ്റർ അനിൽകുമാർ, ഡയറ്റ് സീനിയർ ലക്ചറർ സജി, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, വൈത്തിരി ബി അർ സി ട്രെയ്നർ കൊച്ചുത്രേസ്യ എന്നിവർ സംസാരിച്ചു.