കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് ചൊവ്വാഴ്ച യുഎസിലെ കാലിഫോർണിയയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൊലപാതകമോ ആത്മഹത്യയോ ആകാമെന്നാണ് അധികൃതർ കരുതുന്നത്.
പട്ടത്താനം വികാസ് നഗർ 57ൽ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയൻ (4) എന്നിവരാണ് മരിച്ചത്. വെടിയേറ്റ മുറിവുകളോടെ രണ്ട് മുതിർന്നവരുടെ മൃതദേഹങ്ങൾ ഒരു കുളിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് 9 എംഎം പിസ്റ്റളും ലോഡ് ചെയ്ത മാഗസിനും കണ്ടെടുത്തു.
ഇരട്ട ആൺകുട്ടികളെ ഒരു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ മരണത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. ശാരീരിക ആഘാതത്തിൻ്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ അവരെ ശ്വാസം മുട്ടിക്കുകയോ കഴുത്ത് ഞെരിച്ച് കൊല്ലുകയോ വിഷം നൽകുകയോ ചെയ്തിരിക്കാമെന്ന് പോലീസ് പറഞ്ഞു. 2016 ഡിസംബറിൽ ആനന്ദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും നടപടികൾ അന്തിമമായിരുന്നില്ലെന്നാണ് കോടതി രേഖകൾ സൂചിപ്പിക്കുന്നത്.
ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
ഐടി പ്രൊഫഷണലുകളായ ആനന്ദും ആലീസും കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു. ആനന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ആലീസ് സീനിയർ അനലിസ്റ്റായും ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ കൗമാരക്കാരിയായ മകളെയും മസാച്യുസെറ്റ്‌സ് സംസ്ഥാനത്തെ അവരുടെ മാളികയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരുടെ മരണത്തിന് കാരണം ഗാർഹിക പീഡനം മൂലമാണെന്ന് അധികൃതർ പറഞ്ഞു.