ഗോവന്‍ മാതൃകയില്‍ ജലബന്ധാര ഭാരതപ്പുഴയ്ക്ക് കുറുകെ

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തില്‍ ഗോവന്‍ മാതൃകയില്‍ ജലബന്ധാര നിര്‍മിക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധാര ഡിസൈന്‍ ചെയ്യുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഐ.ഡി.ആര്‍.ബി വിഭാഗത്തെ ഏല്‍പിക്കുന്നതിനും സമയബന്ധിതമായി ഡിസൈന്‍ പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റ് എടുത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനും തീരുമാനിച്ചു.
ഗോവയില്‍ വ്യാപകമായിട്ടുള്ള ജലസേചന മാതൃകയാണ് ജലബന്ധാര. കുറഞ്ഞ നിര്‍മാണ ചെലവ്, കുറവ് നിര്‍മാണ സാമഗ്രികള്‍, കൂടുതല്‍ ജലം സംഭരിക്കാനുള്ള ശേഷി എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ തടയണകളില്‍നിന്ന് വ്യത്യസ്തമായി ഉയരം കൂടിയ ഡിസൈന്‍ ആയതിനാല്‍ ധാരാളം ജലം സംഭരിക്കപ്പെടുകയും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുകയും ചെയ്യുന്ന മാതൃകയാണ് ബന്ധാര.
കരിമ്പുഴ പഞ്ചായത്തില്‍ രണ്ടു മീറ്റര്‍ ഉയരത്തിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ബന്ധാര നിര്‍മിക്കുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡി.പി.ആറില്‍ ഇതിനുള്ള പ്രൊപ്പോസല്‍ വച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് ഇത്തരമൊരു മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. കരിമ്പുഴ പഞ്ചായത്തിലെ കാര്‍ഷിക, കുടിവെള്ള മേഖലയില്‍ ബന്ധാര നിര്‍മാണം വലിയ രീതിയില്‍ പ്രയോജനം ചെയ്യും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ പാലക്കാട് ജില്ലാ പഞ്ചായത്ത് ഇതിനകം ജലസേചന വകുപ്പിന് പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, കോര്‍ കമ്മിറ്റി അംഗങ്ങളായ വൈ. കല്യാണകൃഷ്ണന്‍, പ്രൊഫ. ബി.എം. മുസ്തഫ, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുമന്‍ ബി. ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞം ഫെബ്രുവരി 8 മുതല്‍
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞം നാളെ (ഫെബ്രുവരി എട്ട്) മുതല്‍ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്‍പതിന് വടക്കഞ്ചേരി മംഗലം ഗായത്രി  പുഴയോരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ഭാരതപ്പുഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുകയും ജല ജലദൗര്‍ലഭ്യം പരിഹരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ട് മുതല്‍ 16 വരെയാണ് സമ്പൂര്‍ണ ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനും ജലാശയങ്ങളെയും പുഴയോരങ്ങളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും സഹായകരമായ ഒരു ജനകീയ പുഴയോര ശുചീകരണ പരിപാടിക്കാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ബഹുജനങ്ങളുടെയും പിന്തുണയോടുകൂടിയാണ് ഈ ജനകീയ പരിപാടി നടപ്പാക്കുന്നത്.
ഉദ്ഘാടന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ് മുഖ്യാതിഥിയാവും. നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  പി. സെയ്തലവി വിശദീകരണം നടത്തും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...