മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വൈകിട്ട് 4 മണിയോടെ എംസി റോഡിൽ പാലാത്ര സിഗ്നലിനു സമീപമായിരുന്നു അപകടം.ചങ്ങനാശേരി ഭാഗത്ത് നിന്നെത്തിയ ജീപ്പ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ജീപ്പിന് മുൻപിലൂടെ പോയ ബൈക്ക് യാത്രക്കാരനെ ഇടിച്ചതിനു ശേഷം റോഡിനു സമീപത്തെ ഫർണിച്ചർ ഷോപ്പിനു മുൻപിലേക്ക് വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഷോപ്പിന്റെ ഗ്ലാസും തകർന്നു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ജീപ്പ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.