കോട്ടയം: ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, കടുത്തുരുത്തി മണ്ഡലത്തിലെ അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.
കോവിഡ് അടക്കമുള്ള പകർച്ചവ്യാധി ബാധിതർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കുകയാണ് ഐസൊലേഷൻ വാർഡുകളുടെ ലക്ഷ്യം. 10 ഐ.സി.യു. കിടക്കകൾ, ഓക്‌സിജൻ ലഭ്യമാക്കാനുള്ള ഉപകരണങ്ങൾ, ഡോക്ടർമാർക്കുള്ള മുറികൾ, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, ഫാർമസി എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്.
പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തര ചികിത്സയ്ക്കും ഉപയോഗിക്കും.
കിഫ്ബി ഫണ്ടും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുകയും ചേർന്ന് 1.80 കോടി രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി ഐസൊലേഷൻ വാർഡിന്റെ നിർമാണം പൂർത്തീകരിച്ചത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലതാ ഷാജൻ, പി.എം. ജോൺ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ: ജെസി സെബാസ്റ്റ്യൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, ചിറക്കടവ് പഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ കെ. മൊയ്തീൻ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ കിഫ്ബി ഫണ്ടും അഡ്വ. മോൻസ്് ജോസഫ്് എം.എൽ.എയുടെ ഫണ്ടും ചേർത്ത് 1.76 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷൻ വാർഡ് നിർമിച്ചിരിക്കുന്നത്.
അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴിക്കാടൻ എം.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. വാസുദേവൻ നായർ, ശ്രീകല ദിലീപ്, എൻ.ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമൽ ഭാസ്‌കരൻ, സ്‌കറിയ വർക്കി, സുബിൻ മാത്യു,
ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ് നടുവിലേടം, പി.ആർ. സുഷ്മ, അറുന്നൂറ്റിമംഗലം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജി. ഐ. സ്വപ്ന, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ,
രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജെയിംസ് പുല്ലാപ്പള്ളി, പ്രമോദ് കടുംതേരിൽ, ടോമി മ്യാലിൽ, തോമസ് ടി. കീപ്പുറം, ആശുപത്രി വികസന സമിതിയംഗങ്ങളായ എം.ആർ. മണി, സെബാസ്റ്റ്യൻ വർഗ്ഗീസ്, തോമസ് മുണ്ടുവേലി, വിസി വർഗീസ്, പി.ജെ. ബേബി എന്നിവർ പങ്കെടുത്തു.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.3 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമിച്ചത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഫ്ബി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ചാണ് വാർഡിന്റെ നിർമാണം.
കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു.
നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോസ് അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷെഫ്നാ അമീൻ, പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ, നഗരസഭാംഗങ്ങളായ ലീന ജെയിംസ്, അൻസലന പരീക്കുട്ടി, ഷൈമ റസാഖ്, സുനിത ഇസ്മായിൽ, അബ്ദുൽ ലത്തീഫ്, അനസ് പാറയിൽ, അബ്ദുൽ ഖാദർ, നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, കെ.പി. സിയാദ്, മെഡിക്കൽ ഓഫീസർ ഡോ. രശ്മി പി. ശശി, വ്യാപാര വ്യവസായ ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ,
രാഷ്ട്രീയകക്ഷി പ്രതിനിധികളായ അനസ് നാസർ, കെ.ഐ. നൗഷാദ്, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അഡ്വ. ജെയിംസ് വലിയ വീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, റസിം മുതുകാട്ടിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ എന്നിവർ പങ്കെടുത്തു.