കോട്ടയം: അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ആരംഭിച്ച സൗജന്യ കരാട്ടേ പരിശീലന പരിപാടിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ കരാട്ടേ പ്രദർശനവും മത്സരവും ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നടന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അധ്യക്ഷയായിരുന്നു.
2015 മുതലാണ് ഗ്രാമ പഞ്ചായത്തിലുള്ള സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി കരാട്ടേ പരിശീനം ആരംഭിച്ചത്. ഈ വർഷം നാല് വിദ്യാലയങ്ങളിൽ നിന്നായി 145 വിദ്യാർത്ഥിനികൾക്കാണ് പരിശീലനം നൽകിയത്. രണ്ട് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പരിശീലകരായ അനൂപ് കെ. ജോൺ, കെ.ജി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ലാൽ സി.പി.മാത്യു, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാകമറ്റം,ജയിൻ വർഗീസ്, ജോയ്‌സി ജോസഫ്, സെക്രട്ടറി വി. സുരേഷ് കുമാർ, നിർവഹണ ഉദ്യോഗസ്ഥ ജി.സജിനിമോൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.