കാലത്തിന്റെ പ്രത്യേകതകളെ ഉള്‍ക്കൊണ്ട് നൂതന ആശയങ്ങളും സേവനങ്ങളും അവതരിപ്പിച്ചാല്‍ ഏതു സംരംഭകനും കേരളം സ്വര്‍ഗമാണെന്ന് തെളിയിക്കാന്‍ ഐ ബി എസ് സോഫ്റ്റ് വെയര്‍ നേടിയ വളര്‍ച്ചയേക്കാള്‍ വലിയ തെളിവ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐ ബി എസ് സോഫ്റ്റ് വെയറിന്റെ കൊച്ചി ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ പിറവിയെടുത്ത ഐ ബി എസ് എന്ന ആധുനിക സാങ്കേതികവിദ്യാ സംരംഭം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആഗോള സാന്നിദ്ധ്യമുള്ള കമ്പനിയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ലോകത്താകെ വ്യാപിച്ചു നില്‍ക്കുന്ന ആ സ്ഥാപനം കാല്‍നൂറ്റാണ്ടിനു ശേഷവും കേരളം ആസ്ഥാനമായിത്തന്നെ തുടരുന്നു. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ 26-ാം വര്‍ഷത്തില്‍ കേരളത്തിലെ തന്നെ മറ്റൊരു നഗരത്തില്‍ കൊച്ചിയില്‍ പുതിയൊരു ക്യാമ്പസിനു തുടക്കമിടുക കൂടി ചെയ്യുന്നു. കേരളം വ്യവസായ സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണിത്. ലോകോത്തര വ്യവസായങ്ങളാണ് ഇവിടെയുള്ളത് എന്നും ഇതു വ്യക്തമാക്കുന്നു.
ഇവിടെ വ്യവസായം ചെയ്യാന്‍ കഴിയില്ല എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കുള്ള മറുപടിയാണ് ഐ ബി എസും വി കെ മാത്യൂസും നല്‍കുന്നത്. കമ്പനിയുടെ ആരംഭ ഘട്ടത്തില്‍
കേരളത്തില്‍ നിക്ഷേപിക്കരുത് എന്നും ബാംഗ്ലൂരില്‍ നിഷേപിക്കണമെന്നും 90 കളില്‍ പലരും വി കെ. മാത്യൂസിനെ ഉപദേശിച്ചിരുന്നു. അവരുടെ ഉപദേശം കേള്‍ക്കാതെ തിരുവനന്തപുരത്ത് സംരഭത്തിന് തുടക്കം കുറിച്ചു.
മാത്യൂസ് ഇന്ന് കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ അംബാസിഡറായി നിലകൊള്ളുന്നു. അന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഇന്ന് കാല്‍നൂറ്റാണ്ടിനിപ്പുറം കേരളത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് മാത്യൂസിനോട് അന്വേഷിക്കുന്നു.
സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളില്‍ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ വര്‍ധന. 19,066 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് 2022-23 സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്. രാജ്യത്തു നിന്നുള്ള ഐ ടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.
ഐടിയിലും അനുബന്ധ മേഖലകളിലുമായി കേരളത്തില്‍ കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനൊക്കെ ഉത്തേജനം പകരാന്‍ കഴിയുന്ന വിധത്തില്‍ കൊച്ചിയില്‍ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുഗോഗമിച്ചുവരികയാണ്. പൂര്‍ണ്ണതോതില്‍ സജ്ജമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷന്‍ സോണ്‍ ആയിരിക്കുമത്. എയ്റോസ്പേസ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ടെക്നോളജി ഹബ്, എമര്‍ജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മികച്ച മാര്‍ക്കറ്റിങ് സംവിധാനങ്ങളിലൂടെ ദേശീയ – അന്തര്‍ദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് ഐ ടി നിക്ഷേപം നടത്തുന്നതിനു വേണ്ടി പ്രത്യേക മേഖലകളില്‍ ഭൂമി, കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ബിസിനസ് ഓഫീസുകള്‍, കോ-വര്‍ക്കിങ് സ്പേസുകള്‍, ജലം, വൈദ്യുതി കണക്ടിവിറ്റി സൗകര്യങ്ങള്‍, അപ്രോച്ച് റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഐ ടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ മുഖേനയും വികസിപ്പിച്ചവ ഉള്‍പ്പെടെ രണ്ട് കോടിയിലധികം ചതുരശ്രയടി സ്പേസ് കേരളത്തിലെ ഐ ടി പാര്‍ക്കുകളില്‍ നിലവിലുണ്ട്.
ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയില്‍ വികസിപ്പിക്കുന്ന ക്യാമ്പസില്‍ ജോലി, പാര്‍പ്പിട സൗകര്യങ്ങള്‍, ഷോപ്പിങ് സൗകര്യങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മിനി ടൗണ്‍ഷിപ്പ് പദ്ധതിയായ ‘ക്വാഡിന്’ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ദേശീയപാതയോട് ചേര്‍ന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഫൈവ് ജി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി 20 ചെറുകിട ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നിലവിലെ ഐ ടി പാര്‍ക്കുകളോട് അനുബന്ധിച്ച് 5,000 മുതല്‍ 50,000 ചതുരശ്രയടി വരെ വിസ്തൃതിയുള്ള ഐ ടി സ്പേസുകള്‍ സ്ഥാപിക്കുന്നതിനും ഇതിനോടകം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വകാര്യ സംരംഭകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ജറ്റെക്സ്, സിബിറ്റ് എന്നിവയുള്‍പ്പെടെയുള്ള ദേശീയ – അന്തര്‍ദേശീയ ഐ ടി മേളകളിലും കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുത്ത് ഐ ടി വ്യവസായത്തിനായി കേരളത്തില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മാനവശേഷി ലഭ്യത, നിക്ഷേപ സാധ്യതകള്‍ എന്നിവ ലോകവുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനവശേഷി ലഭ്യമാക്കുന്നതിനും ഐ ടി പാര്‍ക്കുകളില്‍ അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും ഇഗ്‌നൈറ്റ് എന്ന പേരില്‍ ഒരു ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കിവരികയാണ്. ഇത്തരം ഇടപെടലുകളുടെ ഭാഗമായി കേരളത്തിന്റെ ഐ ടി രംഗത്തിന് മികച്ച രീതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കമ്പനികളുടെ എണ്ണം 358 ല്‍ നിന്നും 486 ആയി ഉയര്‍ന്നു. അവിടത്തെ ജീവനക്കാരുടെ എണ്ണം 50,000 ത്തില്‍ നിന്നും 72,000 ആയി. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാകട്ടെ 2016 ല്‍ 278 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്നത് 580 കമ്പനികളായി ഉയര്‍ന്നിരിക്കുന്നു. ജീവനക്കാരുടെ എണ്ണം 28,000 ത്തില്‍ നിന്ന് 67,000 ആയി ഉയര്‍ന്നു.
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ കമ്പനികളുടെ എണ്ണം 4 ല്‍ നിന്ന് 83 ആയും ജീവനക്കാരുടെ എണ്ണം 65 ല്‍ നിന്ന് 2,200 ആയും ഉയര്‍ന്നു. അതായത് കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മൂന്ന് ഐ ടി പാര്‍ക്കുകളിലായി 509 കമ്പനികളുടെയും 63,000 ത്തോളം ജീവനക്കാരുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
സമാനമായ മുന്നേറ്റം സ്റ്റാര്‍ട്ടപ്പ് രംഗത്തും കൈവരിക്കാന്‍ കഴിഞ്ഞു. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നവയുടെ എണ്ണം 5,000 കടന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ 778 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 35 കോടി രൂപ വിതരണം ചെയ്തു. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രൊണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്.
ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം കരസ്ഥമാക്കാനും കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റേറ്റിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്.
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി യു ബി ഐ ഗ്ലോബല്‍ തെരഞ്ഞെടുത്തത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എയര്‍ബസ്, നിസാന്‍, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഐ ബി എം, ടി സി എസ്, ടാറ്റാ എലക്സി തുടങ്ങിയ കമ്പനികള്‍ കേരളത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയോ കേരളത്തിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയോ ചെയ്തു.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പലവിധ സ്ഥാപിത താല്‍പ്പര്യക്കാര്‍ സൃഷ്ടിച്ച കടമ്പകളെ അതിജീവിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍, ഈ മുന്നേറ്റത്തെ തമസ്‌ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നു. അവര്‍ക്കുള്ള ഉത്തരം ഔദ്യോഗിക കണക്കുകള്‍ തന്നെ നല്‍കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2% മാത്രവും ജനസംഖ്യയുടെ 2.6% മാത്രവുമുള്ള കേരളത്തിന്റെ ജി എസ് ഡി പി ഇന്ത്യയുടെ ജി ഡി പിയുടെ 4.2% ആണ്. കേരളത്തിന്റെ ശേഷിക്കും വളരെ മുകളിലാണ് കേരളത്തിന്റെ സംഭാവന എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ഈ മുന്നേറ്റം തുടരാന്‍ കഴിയണം. അതിനായി വ്യവസായങ്ങളും സംരംഭകരും ഒത്തുചേരുമ്പോള്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ ലഭ്യമാക്കും. നൂതന സാങ്കേതികവിദ്യാരംഗത്തും നൂതന സംരംഭകത്വ വികസനത്തിലും കേരളം മുന്നേറുമ്പോള്‍ കാര്യക്ഷമമായ സംഭാവന നല്‍കാന്‍ ഐ ബി എസിനെ പോലെയുള്ള സ്ഥാപനങ്ങള്‍ക്കു തുടര്‍ന്നും കഴിയണം. അതിനുള്ള പുതിയ ചുവടുവെയ്പ്പായി മാറട്ടെ ഈ ക്യാമ്പസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒരു പ്രവൃത്തി ദിനം പോലും നഷ്ടപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടില്ലെന്ന് ഐ.ബി.എസ്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.
സംസ്ഥാനത്ത് ഐ.ബി.എസ്. സോഫ്റ്റ് വെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാമ്പസാണ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുറന്നത്. അത്യാധുനിക സൗകര്യങ്ങളാണ് കെട്ടിട സമുച്ചയത്തില്‍. ഇന്‍ഫോപാര്‍ക്കിന്റെ ആദ്യ ഘട്ടത്തിലെ 4.2 ഏക്കറില്‍ 8.2 ലക്ഷം ചതുരശ്രയടിയില്‍ 14 നിലകളാണ് കെട്ടിടത്തിനുള്ളത്. 3,000 ജീവനക്കാര്‍ക്ക് ഒരേസമയം
ജോലി ചെയ്യാം