പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം. അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്. വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും ഉയരുകയാണ്.സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോൺഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.