സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡ് ചീനിക്കുഴി സ്വദേശി ഷൈന്‍ കെ.ബി.ക്ക്
ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ എട്ട് അവാര്‍ഡുകള്‍ ഇക്കുറി ഇടുക്കി ജില്ലക്ക് ലഭിച്ചു.
ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ അഞ്ച് വിഭാഗങ്ങളിലായാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് എട്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ക്ഷീരോല്‍പാദന രംഗത്ത് മികച്ച വിജയം കൈവരിച്ച ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസനവകുപ്പ് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡിന് ഇളംദേശം ബ്ലോക്കിലെ ഉടുമ്പന്നൂര്‍ കുറുമുള്ളാനിയില്‍ ഷൈന്‍ കെ.ബിയാണ് അര്‍ഹനായത്.
ഈ യുവകര്‍ഷകന്റെ ഡയറിഫാമില്‍ നിലവില്‍ 230 കറവപ്പശുക്കളും 55 കിടാരികളും 2 കന്നുക്കുട്ടികളും 2 എരുമകളും ഉണ്ട്.
പ്രതിദിനം 2600 ലിറ്റര്‍ പാല്‍ ഇദ്ദേഹം ഫാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നുണ്ട്.
2100 ലിറ്റര്‍ പാല്‍ ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിലാണ് അളക്കുന്നത്. സംഘത്തില്‍ നിന്നും 43.52 രൂപ ശരാശരി പാല്‍വില ലഭിക്കുന്ന ഈ കര്‍ഷകന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 720312.4 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തില്‍ അളന്നു.
ശാസ്ത്രീയമായി നിര്‍മ്മിച്ച കാലിത്തൊഴുത്തും പൂര്‍ണ്ണമായ ഫാം യന്ത്രവല്‍ക്കരണവും 4 ഹെക്ടര്‍ സ്ഥലത്ത് പുല്‍കൃഷിയും ഇത്രയധികം പശുക്കളെ പരിപാലിക്കുന്നതിന് സഹായകരമാകുന്നു.
ചാണകം സംസ്‌കരിച്ച് പൊടിച്ച് വിപണനം നടത്തുന്നതും ഫാമിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മീന്‍ വളര്‍ത്തല്‍ പോലുള്ള മറ്റ് സംരംഭങ്ങള്‍ നടത്തുന്നതും വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്നു.
സമ്മിശ്ര ക്ഷീരകര്‍ഷകനായ ഷൈന്‍.കെ.ബിക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ശാസ്ത്രീയ പശു പരിപാലനത്തിലൂടെ വരുമാനം ഉറപ്പാക്കുന്ന ഈ കര്‍ഷകന്‍ കേരളത്തിലൂടനീളമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയാണ്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
സംസ്ഥാനത്തെ മികച്ച നോണ്‍-ആപ്കോസ് ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡിന് ദേവികുളം ബ്ലോക്കിലെ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം അര്‍ഹമായി.
ഐ ഗുരുസ്വാമിയാണ് സംഘത്തിന്റെ പ്രസിഡന്റ്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ജില്ലാതല അവാര്‍ഡുകളില്‍ ക്ഷീരസഹകാരി അവാര്‍ഡിന് മൂന്ന് പേരാണ് അര്‍ഹത നേടിയത്. ജനറല്‍ വിഭാഗത്തില്‍ നെടുങ്കണ്ടം ബ്ലോക്കിലെ ജിന്‍സ് കുര്യന്‍, വനിതാ വിഭാഗത്തില്‍ തൊടുപുഴ ബ്ലോക്കിലെ നിഷ ബെന്നി, എസ്.സി അല്ലെങ്കില്‍ എസ്.റ്റി വിഭാഗത്തില്‍ കട്ടപ്പന ബ്ലോക്കിലെ ചെല്ലാര്‍കോവില്‍ സ്വദേശി രാമമൂര്‍ത്തി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഇരുപതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ആപ്കോസ് സംഘം – ചെല്ലാര്‍കോവില്‍ ക്ഷീരോല്പാദക സഹകരണ സംഘം, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച നോണ്‍ ആപ്കോസ് സംഘം- ദേവികുളം ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഏറ്റവും കൂടിയ ഗുണനിലവാരമുളള പാല്‍ സംഭരിച്ച സഹകരണ സംഘങ്ങള്‍- കോടിക്കുളം ക്ഷീരോല്‍പാദക സഹകരണ സംഘം, അറക്കുളം ക്ഷീരോല്പാദക സഹകരണ സംഘം എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.