കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ജോലിക്കിടയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ജ്യൂസ് കടയിലെ ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയും ശിക്ഷ. പാലക്കാട് വടക്കന്തറ നെല്ലാശ്ശേരി അര്‍ച്ചന നിവാസില്‍ കൃഷ്ണകുമാറി(45)നാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി. ശ്രീജ ശിക്ഷ വിധിച്ചത്. 2016 ജൂണ്‍ അഞ്ചിന് പാലക്കാട്-പെരിന്തല്‍മണ്ണ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടക്ടറായ അബ്ദുള്‍ റഷീദിനെ ജോലിക്കിടയില്‍ ഒലവക്കോട് ബസ് സ്റ്റോപ്പിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ വിളിച്ചതില്‍ വരാത്തതിനെ ചൊല്ലിയാണ് പ്രതി ദേഹോപദ്രവം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അന്നേദിവസം ബസിന്റെ ട്രിപ്പ് മുടങ്ങിയതിനാല്‍ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി അയക്കുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ് ഹാജരായി.