കുടുംബശ്രീ ആരംഭിച്ച നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌ക്കുകളുടെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യുന്ന വിഷരഹിത നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരില്‍ കിയോസ്‌കുകള്‍ ആരംഭിച്ചത്. ജില്ലയില്‍ അഞ്ചു പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത്. പള്ളിക്കല്‍, വള്ളിക്കോട്, ഓമല്ലൂര്‍, നിരണം എന്നീ പഞ്ചായത്തുകളില്‍ ഉടന്‍ ആരംഭിക്കും.
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി സംഭരിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേന്‍, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, ചെറുകിട സംരംഭ മേഖലയിലെ വിവിധതരം കറി പൗഡര്‍, ബേക്കറി ഉല്‍പന്നങ്ങള്‍, വെളിച്ചെണ്ണ തുടങ്ങിയ എല്ലാത്തരം ഉല്‍പ്പന്നങ്ങളും കിയോസ്‌കിലൂടെ ലഭ്യമാകും.
പന്തളം തെക്കേക്കര വാര്‍ഡ് മെമ്പര്‍ ബി. പ്രസാദ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതി കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹാന ബീഗം, എസ് സുചിത്ര, ബ്ലോക്ക് കോഡിനേറ്റര്‍ എ. ആശ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, മെമ്പര്‍ സെക്രട്ടറി ശ്രീ. അജിത്ത്, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.