എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരേയും ഭൂമിക്ക് അവകാശികളാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടയമിഷനും എംഎല്‍എ ചെയര്‍മാനായി പട്ടയ അസ്സംബ്ലിയും രൂപീകരിക്കുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് കഴിവതും വേഗം സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസ് എന്നാല്‍ രേഖകള്‍ കെട്ടിക്കിടക്കുന്ന ഒരു കെട്ടിടം എന്നതിനു വിഭിന്നമായി, എല്ലാ ജനങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ സേവനം എത്തിക്കുന്നതിനുള്ള ഒരിടമാവണം എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. കേരളത്തില്‍ നിലവിലുള്ള വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും മുതല്‍ സെക്രട്ടറിയേറ്റ് വരെ ഹൈടെക് ആവുന്ന തരത്തിലുള്ള മനോഹരമായ ഡിജിറ്റലൈസേഷന് കേരളം സാക്ഷിയാവുകയാണ്. ഒരു സേവനവകുപ്പ് എന്ന നിലയില്‍ വര്‍ധിക്കുന്ന ജോലിഭാരത്തിനു അറുതി വരുത്തുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം പൂര്‍ണ്ണമായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ താലൂക്ക് ഓഫീസ് സ്മാര്‍ട്ടായി കഴിഞ്ഞു. പ്ലാന്‍ പദ്ധതി 2021-22ല്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതിന് ശേഷം നിരവധി റവന്യു പരിഷ്‌കാരങ്ങള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സംവിധാനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പള്ളിക്കല്‍ വില്ലേജിലെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നുള്ള 22 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.