തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്‌പോട്ടുകളില്‍ പ്രാദേശികമായ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍മ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാകും. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ എന്നിവയ്‌ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.