പമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നത് എന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീര്‍ഥാടകര്‍ക്കായി നല്‍കുന്നതെന്നും ഉറപ്പു വരുത്തി.
മുന്‍കരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഏതെങ്കിലും വിധത്തില്‍ തീപിടിത്തം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയര്‍ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയര്‍ഫോഴ്‌സിന്റെ സേവനമുണ്ടായിരിക്കും.
മണ്ഡല കാലത്തിനു മുന്‍പേ പമ്പ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിരുന്നു.
മകരവിളക്ക് ദിനമായ നാളെ (ജനുവരി 15) പുലര്‍ച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നെയ്‌ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.