വിഷു

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം.

അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു.

മേടം ഒന്നിനാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്.

പുരാണത്തില്‍ നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

രാമായണത്തില്‍ രാവണവധം കഴിഞ്ഞ് ശ്രീരാമന്‍ രാവണസഹോദരനായ വിഭീഷണനെ രാജാവാക്കിയ ദിവസമാണ് വിഷു എന്നൊരു ഐതിഹ്യവുമുണ്ട്.

രാവണന്‍റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാത്തതുകൊണ്ട് സൂര്യനെ നേരം ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷം സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിച്ചതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

വേനലിലെ വിളവെടുപ്പുത്സവം കൂടിയാണ് വിഷു.

ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറികള്‍, വാഴപ്പഴങ്ങള്‍ എന്നിവയൊക്കെ ധാരാളമുള്ള കാലമാണിത്. കൊന്നപ്പൂ പൂത്തുലയുന്ന കാലവുമാണിത്.

വിഷുക്കണി

രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്നതെന്തോ അതാണല്ലോ കണി.

കണി നന്നായാല്‍ ആ ദിവസവും നന്നാകുമെന്നൊരു ചൊല്ലുമുണ്ട്.

അതുപോലെ വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു വര്‍ഷക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം.

വിഷുക്കണി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൊണ്ടുത്തരുമെന്ന് വിശ്വസിക്കുന്നു.

വിഷുത്തലേന്നാണ് കണിയൊരുക്കുന്നത്.

വിഷുക്കണിക്ക് സ്വര്‍ണനിറമാണ്.

എന്നുവെച്ചാല്‍ സ്വര്‍ണനിറത്തിലുള്ള ഫലങ്ങളും മറ്റും വെച്ചാണ് കണിയൊരുക്കുന്നത്.

ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ച് ചക്കയും അലക്കിയ കസവുമുണ്ടും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും വെറ്റിലയും പഴുത്ത അടയ്ക്കയും വെയ്ക്കുന്നു.

നാരങ്ങ, പഴം, നാളികേരപാതി തുടങ്ങിയവയും ചേര്‍ന്നുള്ള വിഷുക്കണി പ്രകാശം നിറഞ്ഞ നല്ലൊരു നാളെയുടെ തുടക്കമായി കരുതുന്നു.

വീട്ടിലെ പ്രായമായ സ്ത്രീ കണിയൊരുക്കി രാത്രി ഉറങ്ങാന്‍ കിടക്കും.

രാവിലെ എഴുന്നേറ്റ് കണികണ്ട് വീട്ടിലെ മറ്റംഗങ്ങളെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണി കാണിക്കുന്നു.

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പിന്നില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്.

കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പ്രകൃതിയേയും കണി കാണിക്കണമെന്നാണ് വിശ്വാസം.

ആദ്യം സൂര്യനെ കണി കാണിക്കണം.

പിന്നീട് പശു തുടങ്ങിയ വീട്ടുമൃഗങ്ങളേയും വീടിനു ചുറ്റുമുള്ള വൃക്ഷങ്ങളേയും കണി കാണിക്കണം.

വിഷുക്കൈനീട്ടം

കണി കണ്ടുകഴിഞ്ഞാല്‍ ഗൃഹനാഥന്‍ വീട്ടിലുള്ളവര്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം.

പണ്ടൊക്കെ സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളുമൊക്കെയായിരുന്നു കൈനീട്ടമായി കാരണവന്മാര്‍ നല്‍കിയിരുന്നത്.

എല്ലാ ഐശ്വര്യങ്ങളും നിറയട്ടെ എന്നനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുന്നത്.

സാധാരണ പ്രായം കൂടിയവര്‍ പ്രായം കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുന്നത്.

പലരും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കിട്ടിയ കൈനീട്ടനാണയങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാറുണ്ട്.

കൈനീട്ടം കിട്ടിയ പണം ചെലവഴിക്കാതെ സൂക്ഷിക്കുന്നത് ജീവിതത്തില്‍ സമൃദ്ധി നിറയാന്‍ കാരണമാകുമെന്നൊരു വിശ്വാസവുമുണ്ട്.

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്ന ‘സ്പെഷ്യല്‍ പോക്കറ്റ്മണി’യാണ് വിഷുക്കൈനീട്ടം.

ഈ പണം ഉപയോഗിച്ച് അവര്‍ പടക്കവും ഡ്രസും വാങ്ങുന്നു.

വിഷുസദ്യ

വിഷുവിന് പല പ്രത്യേക വിഭവങ്ങളും പണ്ടുമുതലേ ഉണ്ടാക്കാറുണ്ട്.

ഇവയിലൊന്നാണ് പ്രാതലിന് ഉണ്ടാക്കുന്ന വിഷുക്കട്ട.

നാളീകേരപ്പാലില്‍ പുന്നെല്ലിന്‍റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്.

ഉച്ചയ്ക്ക് വിളമ്പുന്ന സദ്യക്ക് ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ പ്രധാനമാണ്.

മാമ്പഴപ്പുളിശ്ശേരിയും നിര്‍ബന്ധമാണ്.

എല്ലാ വീടുകളിലെ തൊടികളിലും മാവും പ്ലാവും നിറഞ്ഞ കാലമായിരുന്നല്ലോ പണ്ട്.

അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു പതിവുണ്ടായത്.

വള്ളുവനാടന്‍ പ്രദേശങ്ങളില്‍ തേങ്ങ ചിരകിയിട്ട കഞ്ഞിയാണ് വിഷുവിന് വെയ്ക്കാറ്.

കൂടെ കഴിക്കാന്‍ ചക്ക വറുത്തതുമുണ്ടാകും.

വിഷുപ്പടക്കം

വിഷുവിന് രണ്ടുമൂന്നു ദിവസം മുമ്പുതന്നെ കുട്ടികള്‍ പടക്കം പൊട്ടിക്കുന്ന തിരക്കിലായിരിക്കും.

പൂത്തിരികളുടെ വെളിച്ചവും പടക്കങ്ങളുടെ ശബ്ദകോലാഹലവും കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യം.

ഓലപ്പടക്കവും ഈര്‍ക്കിലിപ്പടക്കവും കമ്പിത്തിരിയും മത്താപ്പും ചക്രവും ചാട്ടയും റോക്കറ്റും തുടങ്ങി ഇപ്പോള്‍ പടക്കത്തിന്‍റെ ‘വെറൈറ്റികള്‍’ പലതാണ്.

കണിക്കൊന്ന

കര്‍ണികാരം എന്നുമറിയപ്പെടുന്ന മഞ്ഞനിറത്തിലുള്ള കൊന്നപ്പൂവാണ് കേരളത്തിന്‍റെ ഔദ്യോഗികപുഷ്പം.

തായ്ലന്‍റിന്‍റെ ദേശീയപുഷ്പവും കൊന്നയാണ്. സ്വര്‍ണാഭമായ പൂക്കളാണ് കൊന്നമരത്തെ ആകര്‍ഷകമാക്കുന്നത്.

വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളില്‍ പ്രധാനമാണ് കൊന്ന.

ഈ പതിവു കാരണമാണ് കണിക്കൊന്ന എന്ന പേരു കിട്ടിയതും.

ഫെബ്രുവരി മുതല്‍ മൂന്നുനാലു മാസങ്ങളാണ് ഇവ പൂക്കുന്നത്. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്.

നേര്‍ത്ത സുഗന്ധമുള്ള കൊന്നപ്പൂവിന് ഏറെ ഔഷധഗുണങ്ങളുമുണ്ട്.

തയ്യാറാക്കിയത് : റ്റി. എസ്. രാജശ്രീ

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...