കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെ രണ്ടുപേരെ കാണാനില്ലെന്ന് പരാതി. ചോദ്യം ചെയ്യലിനായി നോട്ടീസ് ലഭിച്ച മാമിയുടെ ഡ്രൈവറെയും ഭാര്യയേയുമാണ് കാണാതായത്. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കക്കോടി സ്വദേശി രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായത്.
രജിത് കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ കുടുംബമാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്നാണ് പരാതി. ഇവര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
പി.വി. അൻവറിൻ്റെ ഇടപെടലോടെയാണ് മാമി തിരോധാന കേസ് വീണ്ടും സംസ്ഥാന തലത്തില്‍ ചർച്ചയായത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായി വർഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്ബും കണ്ടെത്താനായിട്ടില്ല. 2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. എഡിജിപി എം.ആർ. അജിത് കുമാർ വരെയും ആരോപണമുനയില്‍ നില്‍ക്കുന്ന കേസാണ് മാമി തിരോധാന കേസ്. കോഴിക്കോട് നഗരത്തിൻ്റെ ഹൃദയ ഭാഗത്തുനിന്നാണ് ഈ വ്യവസായിയെ കാണാതായതെന്നതാണ് പ്രസക്തം. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ആട്ടൂരിനെ കണ്ടെത്താനായില്ല.