കുറ്റവാളികളും ടെക്‌നോളജിയും
ലോകത്തെ മാറ്റിമറിക്കുന്ന ഉപകരണങ്ങൾ ഇന്ന് എല്ലാവരുടെയും കൈകളിലുണ്ട്. അത് ഓരോരുത്തർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ നന്മയും തിന്മയും. സൈബർ ക്രൈം അനിയന്ത്രിതമാം വിധം പെരുകുകയാണ്. കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ ടെക്‌നോളജിയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം അനുഗ്രഹമായിരിക്കുന്നത് കുറ്റവാളികൾക്കാണ്. ഇത് പോലീസിന് വലിയ വെല്ലുവിളിയാണ്. വാഷിംഗ്ടണിൽ നടന്ന മൂന്നാം വാർഷിക ലോ എൻഫോഴ്‌സ്‌മെന്റ് ടെക്‌നോളജി ഫെയറിൽ യുഎസ് സീക്രറ്റ് സർവ്വീസ് വെളിപ്പെടുത്തിയ കാര്യങ്ങളാണിവ. പുതിയ സാങ്കേതികവിദ്യ ലഭ്യമായാൽ ഉടനെ കുറ്റവാളികൾ ഉപയോഗിച്ചുതുടങ്ങും. അത് നമ്മിലേക്കും എന്തിന് കടകളിൽ പോലും എത്തുന്നത് പിന്നീടായിരിക്കും.
സംഭാഷണം ചോർത്താൻ പേന, ക്രെഡിറ്റ് കാർഡ് നമ്പർ മോഷ്ടിക്കാൻ ആൻസറിംഗ് മെഷീൻ തുടങ്ങി പുതിയതരം ഉപകരണങ്ങളുടെ ലിസ്റ്റ് നീണ്ടുപോകും. നമ്പർ കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ ഫോൺകോളുകൾ നടത്താനും കഴിയും. പുതിയ ടെക്‌നോളജി മനസ്സിലാക്കാനും നടപ്പിലാക്കാനും കുറ്റവാളികളേക്കാൾ അൽപ്പം പിറകിലാണ് പോലീസ്. ഇപ്പോൾ മിക്ക ബിസിനസുകളും നടക്കുന്നത് കമ്പ്യൂട്ടറുകളും മൊബൈലുകളും വഴിയാണ്. കുറ്റവാളികളെയും അവർ ഉപയോഗിക്കുന്ന തെളിവുകളടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസ് ഓഫീസർമാരെ പഠിപ്പിക്കാൻ സീക്രറ്റ് സർവ്വീസ് പുതിയ പരിപാടി ആസൂത്രണം ചെയ്തുകഴിഞ്ഞു. ഓൺ ആയിരിക്കുന്ന ഒരു കമ്പ്യൂട്ടർ തെളിവായി കുറ്റവാളിയുടെ സ്ഥലത്ത് കണ്ടെത്തിയാൽ അത് ഓഫ് ചെയ്യരുതെന്ന നിർദ്ദേശമാണുള്ളത്. കാരണം ഓഫാക്കിയാൽ പിന്നെ തുറക്കാൻ പാസ്‌വേർഡ് ലഭ്യമാവില്ല. അതുപോലെ ഓഫ് ആയി കിടക്കുന്ന കമ്പ്യൂട്ടർ ഓൺ ആക്കാനും പാടില്ല. കാരണം ഓൺ ആക്കുമ്പോഴായിരിക്കും ചിലപ്പോൾ തെളിവ് നഷ്ടപ്പെടുക.
ഇന്നത്തെ കുറ്റവാളികളുടെ ലോകം വളരെ വളരെ ആധുനികമാണ്. അത് വേണ്ടപോലെ കൈകാര്യം ചെയ്യാൻ പോലീസിന് കഴിയണം. ഏതു പുതിയ സാങ്കേതികവിദ്യയും കുറ്റവാളികളാൽ ദുരുപയോഗം ചെയ്യപ്പെടും. ഉദാഹരണത്തിന് ലാറ്റിൻ അമേരിക്കയിൽ റോബോട്ടിക് സബ്മറൈനുകൾ ഉപയോഗിച്ച് ടൺകണക്കിന് കൊക്കൈൻ കടത്തപ്പെടുന്നുണ്ട്. യുഎസ് പെന്റഗണിനെ ആക്രമിക്കാൻ സ്‌ഫോടകവസ്തുക്കളടങ്ങിയ റിമോട്ട് കൺട്രോൾഡ് റോബോട്ടിക് എയർക്രാഫ്റ്റ് കൈവശം വെച്ച ഒരാളെ അടുത്തയിടെ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു.