ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശിയെ പിടികൂടി.
നാൽപത്തിയഞ്ചുകാരനായ ഉക്കുവ്ഡിലി മിമ്രി ആണ് കൊല്ലം കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്.
കൂട്ടുപ്രതിയായ ടാൻസാനിയൻ പൗരനും രണ്ട് മലയാളികളും നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ പൗരനായ ഉക്കുവ്ഡിലി മിമ്രി.
മുംബൈ എയർപോർട്ടിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്.
സ്റ്റുഡൻന്റ് വിസയിൽ 2007ല്‍ ഇന്ത്യയിലെത്തിയ ഇയാൾ മയക്കുമരുന്ന് വിപണനം കൂടാതെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളിലും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസുകളിലും പ്രതിയാണ്.
ആവശ്യക്കാരിൽനിന്ന് പണം സ്വീകരിച്ച് അജ്ഞാത കേന്ദ്രങ്ങളിൽ മയക്കുമരുന്ന് അടങ്ങിയ പൊതി വെച്ച ശേഷം ലൊക്കേഷൻ മാപ്പും സ്ക്രീൻഷോട്ടും അയച്ച് സ്ഥലം വിടുകയാണ് ഇയാളുടെ രീതി.
ബംഗളൂരു കേന്ദ്രമാക്കി ഭാര്യയുടെ പേരിൽ ഹോട്ടലും നടത്തുന്നുണ്ട്.