പ്രകൃതി നല്‍കിയിരിക്കുന്ന എയര്‍കണ്ടീഷണറാണ് മരങ്ങള്‍.
ഒരു വലിയ വൃക്ഷം നല്‍കുന്ന തണല്‍ പത്തു മുറികളില്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്ന എയര്‍കണ്ടീഷണറുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ശീതീകരണത്തിന് തുല്യമാണ്.
പാര്‍ക്കുകളിലും പേഗ്രൗണ്ടുകള്‍ക്കു ചുറ്റിലും മരങ്ങളുണ്ടെങ്കില്‍ ആശ്വാസമേകുന്ന തണലും തണുപ്പും അനുഭവിക്കാന്‍ കഴിയും.
പച്ചനിറത്തിന്‍റെ പ്രത്യേകത തന്നെ അത് മനസ്സിന് ശാന്തി പകരുമെന്നതാണ്.
പച്ചനിറം കണ്ണുകളുടെ ആയാസവും കുറയ്ക്കുന്നു.
ഒന്നാലോചിച്ചുനോക്കൂ.
പൊരിവെയിലത്ത് വ്യായാമം ചെയ്യുന്നതിനേക്കാള്‍ തണലത്ത് വ്യായാമം ചെയ്യുന്നതല്ലേ ആശ്വാസകരം?
അവശ്യം വേണ്ട തണല്‍വൃക്ഷങ്ങളും മറ്റും വെച്ചുപിടിപ്പിക്കുമ്പോള്‍ അന്തരീക്ഷചൂട് പത്ത് ഡിഗ്രി ഫാരന്‍ഹീറ്റ് വരെ കുറയുന്നു.
ഇലകളില്‍ ബാഷ്പീകരണം നടക്കുന്നത് മൂലമാണ് അന്തരീക്ഷതാപനിലയില്‍ കുറവ് വരുന്നത്.
അതുകൊണ്ടാണ് ഇലകള്‍ നിറഞ്ഞ മരങ്ങളുള്ള പ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്നത്.
ആല്‍മരത്തിന്‍റെ കാര്യമെടുക്കാം.
ഇന്ത്യയുടെ ദേശീയവൃക്ഷമാണല്ലോ ആല്‍മരം.
പടര്‍ന്നുപന്തലിച്ച വലിയ ആല്‍മരത്തണലില്‍ ഒരേസമയം ഏകദേശം പതിനായിരം ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയും.
നഗരങ്ങളിലെ മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെടുമ്പോള്‍ അവിടത്തെ അന്തരീക്ഷഊഷ്മാവ് കൂടുന്നവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.