കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമം : മന്ത്രി വി. അബ്ദുറഹ്‌മാന്‍
വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ മികച്ച കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിർമ്മിച്ച സിന്തറ്റിക് ട്രാക്കോടു കൂടിയ ഹൈ ആൾറ്റിറ്റ്യൂഡ്
സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക വികസനം താഴെത്തട്ടിൽ എത്തിക്കുവാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ 650 ഓളം പദ്ധതികൾ അവതരിപ്പിച്ചു കഴിഞ്ഞു. വരുന്ന ബജറ്റിൽ കായികവികസനത്തിന് കൂടുതൽ വിഹിതം അനുവദിക്കും. ഇന്ത്യയിലാദ്യമായി കായികനയം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. 52 ഓളം
മേഖലകളിലായി കായിക പ്രോത്സാഹനത്തിന് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി നിയമനിർമാണത്തിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കലാണ് സർക്കാർ ലക്ഷ്യം. അതിനാണ് കായിക രംഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത്. ജനങ്ങളുടെ കായികക്ഷമതയിൽ ഏറ്റവും അധികം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനമാണിന്ന് കേരളം. കേരളത്തിന്റെ കായിക സമ്പദ് ഘടന വളർത്തിയെടുക്കലാണ് സർക്കാരിൻ്റെ മറ്റൊരു ലക്ഷ്യം. 10000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതൽ കായിക താരങ്ങൾക്ക് തൊഴിൽ നൽകാനാവും. ഒരു പഞ്ചായത്തിൽ ഒരു കായിക പരിശീലകൻ എന്ന രീതിയിൽ നിയമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. കൂടാതെ സ്പോർട്സ് ഒരു വിഷയമായി സ്കൂൾ തലത്തിൽ പഠിപ്പിക്കാനും ഇതിന്റെ തുടർച്ചയായി പുതിയ കായിക കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ തലത്തിൽ ആരംഭിക്കാനുമുള്ള ശ്രമങ്ങളിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഈയിടെ സമാപിച്ച കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1350 കോടി രൂപ മുതൽമുടക്കിൽ 4 ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത് പുതുതായി വരുന്നത്. കൂടാതെ 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും കൊച്ചിയിൽ അന്താരാഷ്ട്ര പരിശീലന കേന്ദ്രവും വരാൻ പോകുന്നു. കായിക മേഖലയുടെ കുതിപ്പ് ഉറപ്പുവരുത്താനാണ് സർക്കാരിൻ്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയുടെ കായിക ഭൂപടത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം. പച്ചടിയിലെ ഇൻഡോർ സ്റ്റേഡിയം നിർമാണവും മൂന്നാറിലെ ഹൈ ആൾറ്റിറ്റ്യൂഡ് സെൻ്റർ നവീകരണവും പൂർത്തിയാകുന്നതോടെ 43 കായിക ഇനങ്ങൾ പരിശീലിക്കാൻ കഴിയുന്ന ജില്ലയായി ഇടുക്കി മാറും. കായിക കേരളത്തിന് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന ഒന്നായി നെടുങ്കണ്ടം ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം മാറുമെന്നാണ്
സംസ്ഥാന കായിക വകുപ്പ് കരുതുന്നത്. സിന്തറ്റിക് ട്രാക്ക് പരമാവധി പ്രയോജനപ്പെടുത്താനും ശരിയായി പരിപാലിക്കാനും മാനേജിങ് കമ്മിറ്റി ശ്രദ്ധിക്കണമെന്നും അശ്രദ്ധ മൂലം സ്റ്റേഡിയത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കായികപ്രേമികൾ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
വൈകിട്ട് 4 മണിയോടുകൂടി നെടുങ്കണ്ടം കിഴക്കേകവലയിൽ എത്തിയ മന്ത്രി വി. അബ്ദുൾ റഹ്മാനെയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. തുടർന്ന് കായിക വകുപ്പ് മന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് കായിക താരങ്ങളുടെയും എൻസിസി വിദ്യാർഥികളുടെയും മാർച്ച് പാസ്റ്റിന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
പരിപാടിയില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബാബു രാജൻ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. ഉദ്ഘാടനത്തിന് ശേഷം ഇടുക്കി സ്വദേശിയും ഹൈജമ്പ് താരവുമായ എയ്ഞ്ചൽ പി ദേവസ്യ കായിക മന്ത്രിയിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി ജില്ലയിലെ കായിക താരങ്ങൾക്കൊപ്പം സ്റ്റേഡിയത്തിൽ ദീപശിഖാ പ്രയാണം നടത്തി.
ചടങ്ങിൽ എംഎം മണി എംഎൽഎയും ജില്ലാ കളക്ടർ ഷീബ ജോർജും ചേർന്ന് കായിക പ്രതിഭകളെ ആദരിച്ചു.
ധാക്കയിൽ നടന്ന ഇന്റർനാഷണൽ സാംബോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ
ജേതാവ് ഹാരിഷ് വിജയൻ, ജക്കാർത്തയിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിലെ വെള്ളി ജേതാവ് ബിബിൻ ജയമോൻ, അന്താരാഷ്ട്ര പഞ്ചഗുസ്തി താരം അതുല്യ ബിജു , ദേശീയ മെഡൽ ജേതാക്കളായ അഭിജിത്ത് എം മഹേഷ്, പാർവതി രാജേന്ദ്രൻ, മേഘ സോമൻ, അഷ്കർ സിദ്ദീഖ്, നന്ദന പ്രസാദ്, അഭിനവ് സുഭാഷ്, എൽന മരിയ ജോൺസൺ, ഗൗരി ശങ്കർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
സ്റ്റേഡിയം നിർമ്മാണത്തിന് മുൻകൈയെടുത്ത എംഎം മണി എംഎൽഎയെയും നിർമ്മാണ കാലഘട്ടത്തിലെ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻ്റുമാരെയും ചടങ്ങിൽ ആദരിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യഗരാജന്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ മോഹനന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കായിക താരങ്ങള്‍, കായിക സംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയ, സാമൂഹിക, വ്യാപാരി സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി എന്‍ വിജയന്‍ സ്വഗതവും പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം ഇടുക്കി ജില്ല അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 16 പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരമാണ് സ്റ്റേഡിയത്തിൽ ആദ്യമായി നടന്നത്.
തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് അക്രോബാറ്റിക് ജൂഡോ ഷോ, കരാട്ടേ പ്രദര്‍ശനം എന്നിവ അരങ്ങേറി. ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജും കോട്ടയം ബസോലിയോസ് കോളേജും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരവും സ്റ്റേഡിയത്തില്‍ അരങ്ങേറി.
സംസ്ഥാന കായിക യുവജനകാര്യ വകുപ്പും കിഫ്ബിയും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കിഫ്ബിയുടെ 10 കോടിയും സംസ്ഥാന സര്‍ക്കാരിൻ്റെ മൂന്ന് കോടിയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൻ്റെ ഒരു കോടിയുമടക്കം 14 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. രാത്രിയിലും പകലും ഒരു പോലെ മത്സരം നടത്താന്‍ കഴിയുന്ന ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫിഫ നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം എന്നിവയുണ്ട്. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റിരിയല്‍സ് ഉപയോഗിച്ചാണ് 13.2 മില്ലി മീറ്റര്‍ കനത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്കിന്റെ ആദ്യ ഭാഗം പത്ത് ലൈനുകള്‍ ഉള്ള നൂറ് മീറ്റര്‍ ട്രാക്കും ബാക്കി ഭാഗത്ത് എട്ട് ലൈനുകളോടു കൂടിയ ട്രാക്കുമാണ്. 400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമെ ഡിസ്‌കസ്, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വോള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്‌സിങ്, ജാവലിന്‍, ഹൈ ജമ്പ്, ഫുട്ബോള്‍ എന്നിവയും ഇവിടെ നടത്താന്‍ സാധിക്കും. ആറ് ഏക്കര്‍ സ്ഥലത്താണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ബര്‍മുഡ ഗ്രാസാണ് സ്റ്റേഡിയത്തില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ കായിക താരങ്ങള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന് സൗകര്യമൊരുങ്ങുന്നതിനൊപ്പം സ്‌കൂള്‍ മീറ്റുകള്‍, മറ്റ് സംസ്ഥാന – ദേശീയ മത്സരങ്ങളും ഇവിടെ നടത്താന്‍ സാധിക്കും. 2005- 2010 കാലത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുത്തത്.