നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി.പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം.നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ ഇനിയും പൂർത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം പൂർത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.