പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും
സ്പോട്ട് രജിസ്ട്രേഷന് അവസരം
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കനറാബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ സ്പോട്ട് രജിസ്ട്രേഷന് അവസരം. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് സമീപമുളള ജെ.ആര്.ജെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന മേള രാവിലെ 10.30 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കനറാ ബാങ്ക് ചീഫ് മാനേജര്‍ കെ. കാര്ത്തികേയന് അധ്യക്ഷനാകും. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തും. എറണാകുളം സെന്റര്‍ മാനേജര്‍ കെ.ആര്. രജീഷ് എന്‍.ഡി.പി.ആര്.ഇ.എം. പദ്ധതി വിശദീകരിക്കും. സംരംഭക വായ്പ സംബന്ധിച്ച് കനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ബി. ബിനില്‍ വിശദീകരിക്കും.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമായുള്ള ലോണിനാണ് അപേക്ഷിക്കാനാവുക. ഫെബ്രുവരി രണ്ടിനകം അപേക്ഷ നല്‍കണം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്‍.ഡി.പി.ആര്.ഇ.എം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയില്‍ മുന്‍ഗണന ലഭിക്കും. മേള നടക്കുന്ന വേദിയില്‍ സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ട്.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ് നടത്തുന്നത്. പാസ്പോര്‍ട്ടിന്റെ കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന് ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. ഒരു ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്സിഡിയും നോര്‍ക്ക റൂട്ട്സ് വഴി സംരംഭകര്‍ക്ക് നല്കിവരുന്നു. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.