ആന്ധപ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന എന്‍ആര്‍കെ മീറ്റ് 2025 മാര്‍ച്ച് 22ന് വൈകിട്ട് ആറു മുതല്‍ വിശാഖപട്ടണം കേരള കലാ സമിതിയുടെ ഹാളില്‍ നടക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്‍ആര്‍കെ മീറ്റ് ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി മുഖ്യപ്രഭാഷണം നടത്തും. ആന്ധ്രപ്രദേശിലെ എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ സ്വാഗതം ആശംസിക്കും.
നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രധാന പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് സിഇഒ അജിത് കോളശേരി അവതരണം നടത്തും. എല്‍ കെ എസ് പ്രതിനിധി മുരളീധരന്‍ നാരായണ പിള്ള, വിശാഖപട്ടണം ജില്ലയെ പ്രതിനിധീകരിച്ച് കേരള കലാ സമിതി പ്രസിഡന്റ് എ ആര്‍ ജി ഉണ്ണിത്താന്‍, ആന്ധപ്രദേശിലെ മറ്റ് ജില്ലകളെ പ്രതിനിധീകരിച്ച് എല്‍ കെ എസ് മെമ്പര്‍ എം കെ നന്ദകുമാര്‍ എന്നിവര്‍ ആശംസ നേരും. എല്‍കെഎസ് മെമ്പറായ നന്ദിനി മേനോനോടൊപ്പം ആന്ധ്രപ്രദേശിലെ മറ്റു മലയാളി സംഘടനാ ഭാരവാഹികളും പ്രതിനിധികളും ഇതില്‍ പങ്കെടുക്കും. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും എന്‍ആര്‍കെ മീറ്റ് ചര്‍ച്ച ചെയ്യും. ആന്ധ്രപ്രദേശിലെ എല്ലാ മലയാളി സംഘടനയില്‍ നിന്നും 200 ക്ഷണിതാക്കള്‍ എന്‍ആര്‍കെ മീറ്റില്‍ പങ്കെടുക്കും.