ഒരു സമയത്ത് ഏതെങ്കിലും വമ്പൻ തമിഴ്, ബോളിവുഡ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തുമ്പോൾ റിലീസ് ചെയ്യാൻ ഇരുന്നവയും പ്രദർശിപ്പിച്ചുകൊണ്ടിരുന്നവയുമായ മലയാള സിനിമകൾ ഒട്ടാകെ തിയറ്ററുകളിൽ നിന്ന് മാറ്റിയിരുന്നു എന്ന് ഉണ്ണി മുകുന്ദൻ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രസ്താവന. ‘പ്രേക്ഷകരെ സംബന്ധിച്ച് അത് നല്ലതാണ്, ഇതരഭാഷാ സിനിമകളും കണ്ടാസ്വദിക്കാം എന്നാൽ ഇൻഡസ്ട്രിക്കുള്ളിലുള്ള ഒരാളെന്ന നിലയിൽ സങ്കടം തോന്നിയിരുന്നു. എന്ത് കൊണ്ട് മലയാള സിനിമക്ക് മാത്രം അതിനു സാധിക്കുന്നില്ല എന്ന് ചിന്തിച്ചിരുന്നു, മറ്റൊരു ഭാഷയിലും നമ്മുടെ സിനിമകൾക്ക് അങ്ങനെയൊരു സ്വീകരണം ലഭിക്കാറേയില്ല.എന്നാൽ ഇപ്പൊ തന്റെ മാർക്കോ എന്ന ചിത്രം ഇതരഭാഷകളിൽ, പ്രത്യേകിച്ച് ബോളിവുഡിൽ ഉണ്ടാക്കിയ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നു.താൻ കേട്ടത്, മറ്റൊരു വലിയ ഹിന്ദി പടം മാറ്റിയിട്ട് പല തിയറ്ററുകളും മാർക്കോ പ്രദർശിപ്പിച്ചു എന്നാണ്. അത് കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു സുഖം’ ഉണ്ണി മുകുന്ദൻ പറഞ്ഞു.മാർക്കോയുടെ ഒപ്പം പ്രദർശനത്തിനെത്തിയ വരുൺ ധവാന്റെ ബേബി ജോൺ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബോക്സ് ഓഫീസിൽ വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തുടന്ന് നോർത്ത് ഇന്ത്യയിൽ നിരവധി തിയറ്ററുകളിൽ നിന്ന് ബേബി ജോൺ പിൻവലിച്ച് പകരം മാർക്കോയുടെ ഷോയുടെ എണ്ണം കൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദളപതി വിജയ് അഭിനയിച്ച തെരിയുടെ റീമേക്ക് ആയിരുന്നു ബേബി ജോൺ.