കേരളത്തിന്‍റെ ദേശീയോത്സവമായ ഓണം പൂക്കളുടെ ഉത്സവം കൂടിയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ പലതരം പൂക്കള്‍ വിരിയുന്ന ചിങ്ങമാസം കേരളത്തില്‍ പൂക്കളുടെ മാസമാണ്. പ്രകൃതി തന്നെ ഓണത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. ഓണത്തിന് പത്തുദിവസങ്ങളിലും മുറ്റത്ത് വിവിധവര്‍ണ്ണങ്ങളുള്ള പൂക്കള്‍ കൊണ്ടിടുന്ന അത്തപ്പൂക്കളം ഓണാഘോഷത്തിന്‍റെ ഭാഗമാണ്. എല്ലാ വര്‍ഷവും തന്‍റെ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വാഗതം ചെയ്യുവാനായി ഇടുന്ന പൂക്കളം കണ്ണിന് ആനന്ദം പകരുന്നതാണ്. ഓണത്തിന് പൂക്കളമിടാന്‍ പണ്ടുകാലം മുതല്‍ ഉപയോഗിക്കുന്നത് തുമ്പ, കാക്കപ്പൂവ്, തെച്ചിപ്പൂവ്, കണ്ണാന്തളി, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, ഹനുമാന്‍ കിരീടം, മന്ദാരം തുടങ്ങിയ പൂക്കളാണ്. വെളുത്ത തുമ്പപ്പൂവിനാണ് കൂടുതല്‍ പ്രാധാന്യം. പൂവേ പൊലി പാട്ടുപാടിയായിരുന്നു പണ്ടത്തെ കുട്ടികള്‍ പൂ പറിക്കാന്‍ പോയിരുന്നത്. ചാണകം മെഴുകിയ മുറ്റത്തായിരുന്നു പൂക്കളമൊരുക്കിയിരുന്നത്. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിരുന്നു.
ഓണാഘോഷത്തിന്‍റെ ആദ്യദിവസമായ അത്തം നാളിലാണ് പൂക്കളമിട്ടു തുടങ്ങുന്നത്. പിന്നെ ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം. പൂരാടനാളില്‍ മഹാബലിയുടേയും വാമനന്‍റെയും പ്രതിമകള്‍ കഴുകി വൃത്തിയാക്കി പൂക്കളത്തിനു നടുവില്‍ വെയ്ക്കുന്നു. ഇവ ഓണത്തപ്പനെന്നാണ് അറിയപ്പെടുന്നത്. കളിമണ്ണു കൊണ്ടാണ് പിരിമിഡിന്‍റെ ആകൃതിയിലാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. ഈ ആചാരം എറണാകുളത്തെ തൃക്കാക്കരയിലാണ് തുടങ്ങിയതെന്ന് കരുതുന്നു. അതുകൊണ്ട് ഓണത്തപ്പനെ തൃക്കാക്കരയപ്പനെന്നും പറയാറുണ്ട്. പൂരാടവും കഴിഞ്ഞാണ് ഉത്രാടം, അതായത് ഒന്നാം ഓണം. ഉത്രാടദിവസമാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഇടുന്നത്. രണ്ടാം ഓണമാണ് തിരുവോണം, അത്തം കഴിഞ്ഞ് പത്താം നാള്‍. അത്തം തുടങ്ങി പത്തു ദിവസമിടുന്ന പൂക്കളം പിന്നീടുള്ള പതിനഞ്ച് ദിവസത്തേക്ക് അതേപോലെ കാത്തുസൂക്ഷിക്കുന്നു. പതിനഞ്ചാം ദിവസം ആയില്യം നാള്‍ പൂക്കളം ഒന്നുകൂടി അലങ്കരിച്ചിട്ട് പിറ്റേന്ന് മകം ദിവസം അതിന്‍റെ നാല് മൂലകളും കത്തി കൊണ്ട് മുറിക്കുന്നു. ഇതോടെ ആ വര്‍ഷത്തെ പൂക്കളാഘോഷം പൂര്‍ണമാകുന്നു.