മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യംനിലച്ചുവെന്നും വി ഡി സതീശൻ കുറിച്ചു.മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗ വാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ഗാനങ്ങളിൽ ആറാടിച്ച അനശ്വര ഗായകനാണ് ജയചന്ദ്രൻ.അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സംഗീതം, കേട്ടുതഴമ്പിച്ച മറ്റു സംഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു. ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കിയ ഗായകനാണ് ജയചന്ദ്രൻ.സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സംഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളിൽ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാഗായകന്റെ അനശ്വരഗാനങ്ങൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം. ഭാവഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്ന് രമേശ് ചെന്നിത്തല കുറിച്ചു.അതേസമയം ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അദ്ദേഹം അനശ്വരമാക്കി.സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയിൽ മുങ്ങി തോർത്തിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും തലമുറകൾ ഏറ്റുപാടും. മാഞ്ഞുപോകാത്തെതാരു പാട്ടോർമയായി ഭാവഗായകൻ എക്കാലവും സംഗീതാരാധകരുടെ മനസിൽ നിറയും. അദ്ദേഹത്തിന്റെ ഓർമകൾക്കും ഭാവസാന്ദ്രമായ പാട്ടുകൾക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് എം വി ഗോവിന്ദൻ കുറിച്ചു.