കോട്ടയം: വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വാതിൽ തുറന്നു വച്ച് സർവീസ് നടത്തിയ അഞ്ചു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ സർവീസ് നടത്തുന്നതായി തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ സിഗരറ്റ് വലിച്ചുകൊണ്ട് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. കോട്ടയം ആർടിഒ: ആർ. രമണന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് ജോസഫ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഉമനാഥ് സതീർഥ്യൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.