മരിയ റോസ്
ലാജോ ജോസിന്‍റെ “ഓറഞ്ച് തോട്ടത്തിലെ അതിഥി” എന്ന നോവല്‍, രൂപം കൊണ്ടും ഉള്ളടക്കം കൊണ്ടും താല്‍പര്യമുണര്‍ത്തുന്നതാണ്. അന്താരാഷ്ട ക്രൈം ഫിക്ഷന്‍ പരിസരത്ത് പുതിയതല്ല എങ്കിലും മലയാളം ജനപ്രിയസാഹിത്യത്തില്‍ പൊതുവായും മലയാളം ക്രൈം ഫിക്ഷനില്‍ പ്രത്യേകിച്ചും ഈ ആഖ്യാനം ഫ്രഷ് ആണ്. പുസ്തകത്തിന്‍റെ ആമുഖത്തില്‍ ലാജോ സൂചിപ്പിക്കുന്നത് പോലെ കുറ്റാന്വേഷണനോവലുകളും കുറ്റകൃത്യം ആഖ്യാനകേന്ദ്രമായി വരുന്ന നോവലുകളും മലയാളത്തില്‍ വേര്‍തിരിച്ച് വ്യാഖ്യാനിച്ചിട്ടില്ല. കൊലയാളി ആര് എന്നന്വേഷിക്കുന്ന കുറ്റാന്വേഷണനോവലുകള്‍ വന്നിട്ടുണ്ടെങ്കിലും ജെയിംസ് ഹാഡ്ലി, ചെയ്സ്, ഫ്രെഡറിക് ദാര്‍ദ്, സിമനന്‍റെ ഹാര്‍ഡ് നോവലുകള്‍, ഈ മാതൃകയില്‍ ക്രൈം ഫിക്ഷന്‍ മലയാളത്തില്‍ കുറവാണ്. Genre നെക്കുറിച്ചുള്ള ബോധ്യമില്ലായ്മ മലയാളത്തില്‍ വന്നിട്ടുള്ള പല നോവലുകളുടെയും സിനിമകളുടെയും റിസപ്ഷനെ ബാധിച്ചിട്ടുമുണ്ട്. എഴുത്തുകാരന്‍ തന്‍റെ നോവല്‍ എന്താണ് എന്ന് വിവരിച്ചു കൊണ്ട് നോവല്‍ ആരംഭിക്കുന്നു.
നോവലിസ്റ്റ് പറയുന്നു: ഒരു പെര്‍ഫക്റ്റ് മര്‍ഡറിന്‍റെ തയ്യാറെടുപ്പും നിര്‍വഹണവുമാണ് ഈ നോവല്‍ എന്ന് പറയാമെങ്കിലും ഞാനിതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് “കുറ്റകൃത്യവാസനയുള്ള മനുഷ്യരുടെ കഥ” എന്നാണ്. വളരെ ചുരുക്കം കഥാപാത്രങ്ങളെ നോവലില്‍ ഉള്ളു. അവരില്‍ ചിലര്‍ ഒരു കൊലപാതകം ചെയ്യാന്‍ പദ്ധതിയിടുകയാണ്. വിവേക്, സിബി, അനുപമ, ജോഷ്വ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. ഇവരില്‍ വിവേക്, സിബി, ജോഷ്വ എന്നിവരുടെ ഫസ്റ്റ് പെഴ്സന്‍ ആഖ്യാനങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നന്മമരങ്ങളോ മാതൃകാവ്യക്തിത്വങ്ങളോ അല്ലാത്ത ക്ഷാരസ്വഭാവമുള്ള കഥാപാത്രങ്ങള്‍. കൊലയാളിയുടെ ആഖ്യാനങ്ങള്‍ക്കൊപ്പം കുറ്റവാളിയുടെ മനസ്സിലിരിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ദുരൂഹമായ ഒരു ഹരം നോവല്‍ തരുന്നുണ്ട്.
തേഡ് പേഴ്സനില്‍, വലിയ പാരഗ്രാഫുകള്‍ ഒഴിവാക്കി ഒന്നോ രണ്ടോ വാക്യങ്ങള്‍ അടങ്ങിയ കൊച്ചു പാരഗ്രാഫുകളില്‍ ലൂസ് ആയി എഴുതുന്നവയാണ് മലയാളത്തിലെ ഖണ്ഡശ ജനപ്രിയ നോവലുകള്‍. ആ എഴുത്തിന്‍റെ രീതിയല്ല ലാജോ തുടരുന്നത്. ലാജോയുടെ എഴുത്ത് വിദേശത്ത് നിന്ന് വരുന്ന ബെസ്റ്റ് സെല്ലര്‍ നോവലുകളുടെ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ് എന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്. മലയാളം ജനപ്രിയ നോവലിന്‍റെ മേല്‍ പറഞ്ഞ ശൈലിയല്ല വിദേശത്ത് നിന്ന് വരുന്ന ബെസ്റ്റ് സെല്ലര്‍ നോവലുകളുടേത്. ഭാഷാപരമായി സങ്കീര്‍ണതയൊന്നും അവ പുലര്‍ത്തുന്നില്ല, എങ്കിലും വിവിധ Narrative Voices ഉപയോഗിക്കുക, ശാസ്ത്ര-ചരിത്ര ഗവേഷണം ആവശ്യപ്പെടുന്ന വിഷയങ്ങള്‍ക്ക് വിശദമായ ഗവേഷണം നടത്തുക, ഒരു Educated Audience നെ Pre-suppose ചെയ്യുക ഒക്കെ വിദേശ പള്‍പ്പ് ഫിക്ഷന്‍ നോവലുകളുടെ പ്രത്യേകതയാണ്. (വിദേശത്തെ പള്‍പ്പ് ഫിക്ഷന്‍ എല്ലാം ലളിതമായ എഴുത്താണ് എന്ന് കരുതിക്കൂടാ. സ്റ്റീഫന്‍ കിംഗിന്‍റെ ചില നോവലുകളും ഭാഷയും സങ്കീര്‍ണമായി അനുഭവപ്പെട്ടിട്ടുണ്ട്)
ലാജോയുടെ കോഫീഹൌസ് നേടിയ അപ്രതീക്ഷിത വിപണി വിജയമായിരുന്നു പിന്നീട് ഇവിടെ ഡിറ്റക്ടീവ് നോവലുകള്‍ക്ക് സ്പെയ്സ് കൊണ്ട് വന്നത്. മലയാളത്തില്‍ പിന്തുടര്‍ന്ന വന്നവരില്‍ ഇപ്പോഴും പഴയ ഖണ്ഡശ പാരമ്പര്യത്തില്‍ എഴുതുന്നവര്‍ പോലുമുണ്ട്. Shift ചെയ്യുന്ന Narratives ലിറ്റററിയായ ഒരു സമീപനമാണ്. സാധാരണ വായനക്കാര്‍ക്ക് പ്രാപ്യമായ ഒരു ഭാഷയില്‍ എഴുതുന്നതിനൊപ്പം തന്നെ ലിറ്റററി ഫിക്ഷന്‍റെ ആഖ്യാനരീതികള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത് Genre ന്‍റെ വളര്‍ച്ചയ്ക്ക് വളരെ പ്രയോജനകരമാണ്. ആ അര്‍ത്ഥത്തില്‍ ഒരു ബ്രിഡ്‌ജിന്‍റെ ഗുണം ലാജോയുടെ നോവലുകള്‍ വഹിക്കുന്നുണ്ട്. Cozy Mystery, Domestic Thriller ഇവയ്ക്ക് ഒക്കെ ഒരു മലയാളം മാതൃക നിര്‍മ്മിക്കാന്‍ ലാജോ ശ്രമിക്കുമ്പോള്‍ Genre പരിചിതമല്ലാത്തവര്‍ക്ക് അത് പരിചയപ്പെടാന്‍ കഴിയുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. മലയാളത്തില്‍ എന്ത് പുതിയ Genre ഓ എഴുത്തുശൈലിയോ പരീക്ഷിക്കുമ്പോള്‍ ഇങ്ങനെ ഒരു ബ്രിഡ്‌ജ് ചെയ്യേണ്ടതിന് വേണ്ടി ഘടകങ്ങള്‍ പായ്ക്കേജ് ചെയ്യേണ്ട ആവശ്യം വരാറുണ്ട്. ഉദാഹരണത്തിന് ഒരു സ്പൂഫ് സിനിമയൊക്കെ കേരളത്തില്‍ എടുക്കുമ്പോള്‍ ചിലപ്പോള്‍ സ്പൂണ്‍ഫീഡിംഗ് തന്നെ ആവശ്യമായി വരും. ഇതിന്‍റെ ഒരു അപകടം Genres ല്‍ തന്നെ ആഴമുള്ള വായനയുള്ളവര്‍ ഇതേ കാരണം പറഞ്ഞ് ആക്ഷേപിക്കാനും സാധ്യതയുണ്ട്. ലാജോ എഴുതുന്നതിനേക്കാള്‍ ഭാഷാപരമായും ഇതിവൃത്തപരമായും സങ്കീര്‍ണതയുള്ള കുറ്റാന്വേഷണനോവലുകളാണ് അന്‍വര്‍ അബ്ദുള്ള എഴുതുന്നത്. പക്ഷെ അന്‍വര്‍ തന്‍റെ ആര്‍ജിതശൈലി Malayalam Genre വായനക്കാര്‍ക്ക് വേണ്ടി ലളിതമാക്കാന്‍ ശ്രമിക്കുന്നില്ല . അത് കൊണ്ട് തന്നെ അന്‍വറിന്‍റെ നോവലുകള്‍ക്ക് വൈഡ് റീഡര്‍ഷിപ്പ് ലഭിക്കുന്നില്ല എന്നതും കാണാം.
കൊലപാതകപദ്ധതിയിലാരംഭിക്കുന്ന നോവല്‍ ജോഷ്വ എന്ന കഥാപാത്രത്തിന്‍റെ ആഖ്യാനത്തില്‍ ഒരു ക്യാരക്ടര്‍ സ്റ്റഡിയുടെ ക്വാളിറ്റി നേടുന്നുണ്ട്. അയാള്‍ക്ക് ആഖ്യാനത്തിനുള്ളില്‍ ഒരു Development അനുഭവപ്പെടുന്നുണ്ട്. മുന്‍പ് പറഞ്ഞത് പോലെ തന്നെ കുറ്റവാളിയുടെ ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് എനിക്ക് ആകര്‍ഷകമായി തോന്നിയത്. സിബിച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ ആഖ്യാനം ഒഴിവാക്കിയിട്ടുണ്ട്. ഒരു സാമ്പ്രദായിക കുറ്റാന്വേഷണനോവലില്‍ തന്നെ വ്യത്യസ്ത Narrative Voices ഉപയോഗിക്കുന്നത് –അന്വേഷകന്‍റെയും കുറ്റവാളിയുടെയും Suspects ന്‍റെയും ഉള്‍പ്പടെ– രസകരമായ ഒരു പരീക്ഷണമായിരിക്കും എന്ന് തോന്നുന്നു. സ്വഗതാഖ്യാനങ്ങളിലൂടെ ഒരു ഗ്രാമത്തെ തന്നെ ബില്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന അഭിലാഷ് മേലേതിലിന്‍റെ പൊറ്റാള്‍ പരമ്പര വളരെ ശ്രദ്ധേയമായ ഒരു പരീക്ഷണമായിരുന്നു.
പുസ്തകത്തിന്‍റെ കവറും പ്രൊഡക്ഷനും ഒക്കെ വളരെ ആകര്‍ഷകമാണ്. Artificial Intelligence Generate ചെയ്ത കവര്‍ ആണ് ഇത് എന്ന് ലാജോ പറയുന്നു. പുതിയ Genre കളുമായി ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു.