പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന് എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന് സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന പേര് നമ്പറുകളിട്ടിരിക്കുന്ന കോളത്തിലെഴുതുക” എന്നാണ് എഴുതിയിരുന്നത്. ആഴ്ചകള്‍ക്കു ശേഷം ‘വേഡ് ക്രോസ്’ എന്ന പേരു മാറി ‘ക്രോസ് വേഡ്’ ആയി.
പദപ്രശ്നത്തിന് പല ആകൃതികള്‍ ആര്‍തര്‍ വിന് പരീക്ഷിച്ചു. വൃത്തത്തിലുള്ള പദപ്രശ്നവും ഉണ്ടാക്കിനോക്കി. അവസാനം ചതുരത്തിലുള്ള ക്രോസ് വേഡ് മതിയെന്ന് ഉറപ്പിച്ചു. പുതിയ ക്രോസ് വേഡുകളുണ്ടാക്കി വായനക്കാര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇവയും പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ടൈപ്പ് സെറ്റിംഗിന്റെ പ്രശ്നത്താല്‍ അച്ചടിയില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ക്രോസ് വേഡ് ഉപേക്ഷിക്കാന്‍ ആര്‍തര്‍ വിന് നിര്‍ബന്ധിതനായി. എന്നാല്‍ വായനക്കാരുണ്ടോ വിടുന്നു? അവര്‍ വലിയ ബഹളമുണ്ടാക്കി. അങ്ങനെ അത് തുടരേണ്ടി വന്നു. അന്ന് ന്യൂയോര്‍ക്ക് വേള്‍ഡില്‍ മാത്രമേ രസകരമായ ഈ പംക്തി ഉണ്ടായിരുന്നുള്ളൂ. 1930-ലാണ് ബ്രിട്ടനില്‍ പുതിയ ക്രോസ് വേഡുകള്‍ പുറത്തിറങ്ങിയത്. അമേരിക്കന്‍ ശൈലിയില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കട്ടിയുള്ളവയായിരുന്നു ഇവ. കണ്ടുപിടിക്കേണ്ട വാക്കിന് എത്ര അക്ഷരമുണ്ടെന്നും അതിന്റെ അര്‍ത്ഥമോ ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമൊക്കെയാണ് പദപ്രശ്നത്തിന് നല്കുന്ന ‘ക്ലൂ’. ഇന്ന് ലോകത്ത് മിക്കയിടത്തും പല ഭാഷകളിലും പദപ്രശ്നം പ്രസിദ്ധീകരിക്കപ്പെടുന്നു.