ഉത്തരാഖണ്ഡിലെ ഒരു ചെറിയ പട്ടണമാണ് പിത്തോരഗഡ്. ഇവിടുത്തെ പോലീസ് ഒരു അനാഥ പെൺകുട്ടിയെ ദത്തെടുക്കുകയും ഒരു പുതിയ ജീവിതം നൽകുകയും ചെയ്തു.
ഇവിടെ പറയാൻ പോകുന്നത് പുഷ്പ ഭട്ടിന്റെ കഥയാണ്. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടു. പിന്നീട് അവളെ വളർത്തിയത് മുത്തശ്ശി ആയിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവരും ഈ ലോകം വിട്ടു പോയി. പിന്നെ അവൾ നാട്ടുകാരുടെ സംരക്ഷണയിലാണ് വളർന്നത്.
ബൽവാ കോട്ടിലായിരുന്ന അവൾ ഒരു ജോലി തേടി പിത്തോരഗഡിൽ വന്നു. ഇവിടെ വെച്ചാണ് പോലീസ് ഇൻസ്പെക്ടർ ആയ നരേഷ് ചന്ദ്ര ജക്മോലയെ കണ്ടുമുട്ടുന്നത്. ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന പുഷ്പയെ കണ്ട് ജക്മോല അവളെ പോലീസ് മുറയിൽ ചോദ്യം ചെയ്തു. കാര്യങ്ങളെല്ലാം വിശദമായി അറിഞ്ഞപ്പോഴാണ് അവളെ ദത്തെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.
അദ്ദേഹം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹം അവളെ സ്വന്തം മകളായി സ്വീകരിക്കുകയായിരുന്നു. വൈകാതെ അവൾക്ക് ഒരു വിവാഹാലോചന വരികയും അത് നിശ്ചയിക്കുകയും ചെയ്തു.
പുഷ്പയുടെ കാര്യങ്ങൾ ജക്മോല പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു. അങ്ങനെ പോലീസ് ചെലവിൽ പുഷ്പയുടെ വിവാഹം ആഘോഷമായി നടന്നു. അവളിപ്പോൾ പോലീസിന്റെ ദത്തപുത്രിയായി മാറി. അവൾക്ക് കൂടുതൽ പഠിക്കാനുള്ള ചിലവും പോലീസ് ഏറ്റെടുത്തു.