ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് മുന്നോടിയായി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ക്രമീകരണങ്ങളും യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിശദീകരിച്ചു നല്‍കി.
പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളാണ് ഇടുക്കി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം.
ജൂണ്‍ നാലിന് രാവിലെ എട്ടിനാകും സ്‌ട്രോംഗ് റൂം തുറക്കുക.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 7 ഹാളുകളിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക.
ഒരു ഹാളില്‍ 14 ടേബിളുകൾ ഉണ്ടാകും.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത് നാല് ഹാളുകളിലായിട്ടാകും.
ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ ടേബിളിലും മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ടേബിളിൽ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക.
സേനാ വിഭാഗങ്ങള്‍ ഉള്‍പ്പടെയുളളവര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകള്‍ക്കൊപ്പം എണ്ണും.
ഓരോ കേന്ദ്രത്തിലേക്കുമുള്ള പോളിംഗ് ഏജന്റുമാര്‍ വോട്ടെണ്ണലിനു മൂന്നു ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ജൂണ്‍ ഒന്നാം തീയതി വൈകിട്ട് അഞ്ചിനു മുന്‍പായി വരണാധികാരിക്ക് ഫോം 18 ലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വോട്ടെണ്ണല്‍ ഹാളിലേക്ക് നിശ്ചയിച്ച പ്രതിനിധിയെ പിന്‍വലിക്കുന്നതിന് ഫോം 19 ലാണ് അപേക്ഷ നല്‍കേണ്ടത്.
കൗണ്ടിംഗ് ഏജൻ്റുമാരുടെ പേര് വിവരങ്ങളും, രണ്ട് വീതം ഫോട്ടോകളും സമയബന്ധിതമായി നൽകി പാസുകൾ കൈപ്പറ്റണം.
കൗണ്ടിംഗ് ഏജൻ്റുമാർ രാവിലെ ഏഴ് മണിക്ക് മുൻപ് ഹാളിൽ കയറണം.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല.
അവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാവും.
എല്ലാവരും സ്വന്തം വാഹനങ്ങളിൽ അവ സൂക്ഷിക്കുന്നതാവും കൂടുതൽ നല്ലത്.
ബാലറ്റ് പേപ്പറിലെ പേരിന്റെ അടിസ്ഥാനത്തിലാകും കൗണ്ടിംഗിന് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
കൗണ്ടിംഗ് ഹാൾ വിട്ട്പോകുന്നവരെ പുനപ്രവേശിപ്പിക്കുകയില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ ജെ ഒ അരുൺ, മറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.